നേപ്പാളില്‍ കുടുങ്ങി കിടന്ന 104 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
കനത്ത മഴ കാരണം നേപ്പാളിലെ രണ്ട് സ്ഥലങ്ങളിലായാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്
നേപ്പാളില്‍ കുടുങ്ങി കിടന്ന 104 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സിമിക്കോട്ടില്‍ കുടുങ്ങി കിടന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ നേപ്പാള്‍ ഗഞ്ചിലെത്തിച്ചു. കുടുങ്ങിക്കിടന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. സംഘത്തില്‍ നൂറിലേറെ മലയാളികളുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
സിമിക്കോട്ട്, ഹില്‍സ, ടിബറ്റന്‍ അതിര്‍ത്തി എന്നിവിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന 1575 ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ നേപ്പാള്‍ സര്‍ക്കാരിനോട് സൈനിക ഹെലികോപ്റ്റര്‍ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ സഹായം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
മേഖലയില്‍ 100 ല്‍ അധികം മലയാളികള്‍ കുടുങ്ങിക്കിടന്നുണ്ട്. എംബസിയുമായി ബന്ധപ്പെടാന്‍ മലയാളത്തിലടക്കമുള്ള ഹെല്‍പ്‍ലൈന്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ മരുന്നിന്റെയും ഭക്ഷണത്തിന്റെയും അഭാവം നേരിടുന്നുണ്ടെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ മീഡിയവണിനോട് പ്രതികരിച്ചു. അതിനിടെ ഓക്സിജന്റെ അഭാവം മൂലം കഴിഞ്ഞ ദിവസം മരിച്ച മലയാളിയെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതെന്നും സംഘാംഗങ്ങള്‍ അറിയിച്ചു.