അധികാര വടംവലിയില്‍ ആപ് സര്‍ക്കാരിന് നേട്ടം

ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കല്ല സര്‍ക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി വ്യക്തമാക്കുമ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കാമെന്നതാകും സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നത്.

Update: 2018-07-04 10:44 GMT
Advertising

സുപ്രീംകോടതി വിധിയോടെ ലെഫ്റ്റനന്റ് ഗവര്‍ണറുമായി ഉണ്ടായിരുന്ന അധികാര വടംവലിയില്‍ ആംആദ്മി പാര്‍ട്ടിക്ക് വലിയ നേട്ടമാണ് ഉണ്ടായത്. സര്‍ക്കാരിനാണ് അധികാരമെന്ന് കോടതി വ്യക്തമാക്കിയതോടെ ജനപ്രിയ പദ്ധതികള്‍ ഉള്‍പ്പെടെ തടസ്സം കൂടാതെ സര്‍ക്കാരിന് നടപ്പാക്കാനാകും. ജനങ്ങളുടെ വിജയമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

നജീബ് ജെങ്ങിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറുമായുള്ള അധികാര വടംവലി. അനില്‍ ബൈജാല്‍ ലെഫ്റ്റനന്റ് ഗവര്‍ണറായതോടെ സര്‍ക്കാരുമായുള്ള ശീതയുദ്ധം രൂക്ഷമാവുകായിരുന്നു. സിസിടിവി സ്ഥാപിക്കുന്നത്, റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതി തുടങ്ങി പലതിനും ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും കൂടുതല്‍ അകന്നു.

ഒടുവില്‍ ഉദ്യോഗസ്ഥര്‍ സമരം ആരംഭിച്ചപ്പോള്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമരം നടത്തേണ്ടിവരെ വന്നു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കല്ല സര്‍ക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി വ്യക്തമാക്കുമ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കാമെന്നതാകും സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നത്.

ജനാധിപത്യത്തിന്റെയും ഡല്‍ഹിയിലെ ജനങ്ങളുടെയും വിജയമെന്ന് വിധിക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. സര്‍ക്കാരിന് ഇനി ജോലി ചെയ്യാന്‍ തടസങ്ങള്‍ ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വ്യക്തമാക്കി.

അഴിമതി വിരുദ്ധ വിഭാഗത്തെ സര്‍ക്കാരിന്റെ കീഴില്‍ നിന്ന് നീക്കിയതുള്‍പ്പെടെ ലെഫ്റ്റന്റ് ഗവര്‍ണര്‍ വഴി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാരിന് കൂടി തിരിച്ചടി നല്‍കുന്നതാണ് സുപ്രീംകോടതിയുടെ വിധി. അതേസമയം ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്ന കോടതി പറഞ്ഞത് ആം ആദ്മി പാര്‍ട്ടിയേയും പ്രയാസപ്പെടുത്തുന്നുണ്ട്.

Tags:    

Similar News