വ്യാജരേഖ ചമച്ചുണ്ടാക്കിയ അക്കൌണ്ട് വഴി രണ്ടുകോടിയുടെ ഇടപാട് നടത്തി: കഫീല്‍ഖാന്റെ മൂത്തസഹോദരനെതിരെ കേസ്
ശേഖ്പൂര്‍ സ്വദേശിയായ മുദസ്സര്‍ ആലം എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. തന്റെ ഫോട്ടോ ഉപയോഗിച്ചാണ് അദീലും ഫൈസാനും അക്കൗണ്ട് തുറന്നതെന്നാണ് ഇയാളുടെ ആരോപണം.
ഗൊരഖ്പൂര്‍- ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുട്ടികളെ രക്ഷിക്കാന്‍ സഹായിച്ച് ഹീറോ ആയതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍ കഫീല്‍ ഖാന്റെ മൂത്ത സഹോദരന്‍ ആദില്‍ ഖാനെതിരെ പൊലീസ് കേസ്. നേരത്തെ കഫീല്‍ ഖാന്റെ മറ്റൊരു സഹോദരനായ കാശിഫ് ജമീലിനെ വെടിവെച്ച് കൊല്ലാനും അക്രമികള്‍ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കാശിഫ് ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസങ്ങളെ തുടര്‍ന്ന് സുഖപ്പെട്ടു വരുന്നതേയുള്ളൂ.
2009-ല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ വ്യാജ രേഖകള്‍ നല്‍കിയെന്നാരോപിച്ചാണ് കഫീലിന്റെ സഹോദരന്‍ അദീലിനും സുഹൃത്ത് മുഹമ്മദ് ഫൈസാനുമെതിരെ ഗൊരഖ്പൂര്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ മറ്റൊരാളുടെ ഫോട്ടോ, വ്യാജ ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉപയോഗിച്ചെന്നാണ് കേസ്. ഈ അക്കൗണ്ടിലൂടെ രണ്ടു കോടി രൂപയുടെ ഇടപാടുനടത്തിയതായും പോലീസ് പറയുന്നു.
ശേഖ്പൂര്‍ സ്വദേശിയായ മുദസ്സര്‍ ആലം എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. തന്റെ ഫോട്ടോ ഉപയോഗിച്ചാണ് അദീലും ഫൈസാനും അക്കൗണ്ട് തുറന്നതെന്നാണ് ഇയാളുടെ ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ഫൈസാന്റെ പേരില്‍ അക്കൗണ്ട് തുറന്നതായി വ്യക്തമായിട്ടുണ്ടെന്നും വ്യാജരേഖകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും സീനിയര്‍ പോലീസ് സുപ്രണ്ട് ശലഭ മാഥൂര്‍ പറഞ്ഞു. വ്യാജ രേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് അദീലിനും ഫൈസാനുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, പോലീസ് തനിക്കെതിരെ വ്യാജ കേസുകള്‍ കെട്ടിച്ചമക്കുകയാണെന്ന ആരോപണവുമായി അദീല്‍ രംഗത്തെത്തി. ജൂണ്‍ 10-ന് തന്റെ ഇളയ സഹോദരന്‍ കാശിഫ് ജമീലിനെ ഗൊരഖപൂരില്‍ വച്ച് വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനു പകരം തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും അദീല്‍ ആരോപിച്ചു. ഒരു ബിജെപി എംപിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പേലീസ് പ്രവര്‍ത്തിക്കുന്നതെന്നും അവരാണ് തന്റെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നിലെന്നും അദീല്‍ ആരോപിച്ചു. കഫീല്‍ ഖാനും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
ബിആര്‍ഡി മെഡിക്കല്‍ കോളെജ് ദുരന്തത്തില്‍ ആശുപത്രിയിലെ പ്രധാനചുമതലയുണ്ടായിരുന്ന ഡോ. കഫീല്‍ ഖാനെതിരെ നേരത്തെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അറസ്റ്റിലായ കഫീല്‍ ഖാനെ രണ്ടു മാസം മുമ്പാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.