11അംഗ കുടുംബത്തിന്റെ കൂട്ടമരണം: നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ലളിത് ഭാട്ട്യയയും ഭാര്യ ടീനയും ചേര്‍ന്നാണ് മറ്റു കുടുംബാംഗങ്ങളുടെ കൈകാലുകള്‍ കെട്ടി നല്‍കിയത്. അവസാന കര്‍മവും പൂര്‍ത്തിയായ ശേഷം ഓരോരുത്തരും പരസ്പരം കെട്ടുകള്‍ അഴിക്കാനായിരുന്നു ധാരണ.
ഒരേ കുടുംബത്തിലെ 11പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ സംഭവത്തില്‍ കൊലപാതകത്തിന്റെ സാധ്യത പൊലീസ് തള്ളി. മരണത്തില്‍ പുറമേ നിന്നുള്ള ആര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കുടുംബത്തിന്റെ മോക്ഷപ്രാപ്തിക്ക് വേണ്ടിയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളും ലഭിച്ചു. സംഭവം നടക്കുന്നതിന് 10ദിവസം മുമ്പേ തന്നെ ഇവര്‍ ഇതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നതായി പൊലീസ് പറയുന്നു.
ജൂണ്‍ 30ന് ഡല്‍ഹിയിലെ ബുരാരിയിലായിരുന്നു ദാരുണമായ കൂട്ടമരണം നടന്നത്. മരണത്തിന് കുടുംബാംഗങ്ങള്‍ സന്നദ്ധരാണെന്ന് വ്യക്തമാക്കുന്നതാണ് ഇവരുടെ വീടിന് തൊട്ടുമുമ്പിലെ സി.സി.ടി.വിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നും വളരെ ദുരൂഹമായ കാര്യങ്ങളാണ് പൊലീസിന് കണ്ടെത്താനായത്. ജൂണ്‍ 23 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആത്മഹത്യക്കായി ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഈ ദിവസങ്ങളിലെല്ലാം പൂജക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. മോക്ഷപ്രാപ്തിക്കായുള്ള കര്‍മ്മങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. സംഭവം നടക്കുന്നതിന്റെ തലേദിവസം ജൂണ്‍ 29ന് അര്‍ധരാത്രി ആത്മഹത്യക്കായി ഉപയോഗിച്ച കയറുകളും സ്റ്റൂളുകളും വീട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളും സി.സി.ടി.വിയില്‍ കാണാം.
ജൂണ്‍ 27ലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും കൈകള്‍ കെട്ടിവരിയാന്‍ ഉപയോഗിച്ച കമ്പിവയറുകള്‍ വീടിനു താഴെയുള്ള ഫര്‍ണിച്ചര്‍ കടയില്‍നിന്ന് വീട്ടിലെത്തിച്ചത് ധ്രുവ്, ശിവം എന്നീ ആണ്‍കുട്ടികളാണെന്നും തിരിച്ചറിഞ്ഞു. മരണപ്പെട്ട ദമ്പതികളിലൊരാളായ ലളിത് ഭാട്ട്യയയും ഭാര്യ ടീനയും ചേര്‍ന്നാണ് മറ്റു കുടുംബാംഗങ്ങളുടെ കൈകാലുകള്‍ കെട്ടി നല്‍കിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുകയും പിന്നീട് ഇടനാഴിയിലെ സീലിംങിലെ ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങുകയുമായിരുന്നു.
എന്നാല്‍ മരണം സംഭവിക്കില്ലെന്നും രക്ഷ നേടാമെന്നുമായിരുന്നു ഇവരുടെ വിശ്വാസം. മരണപ്പെട്ട ലളിത് ഭാട്ടിയയുടെയും അനന്തരവള്‍ പ്രിയങ്കയുടെയും ഡയറികളും ഈ ദുരൂഹ കൃത്യത്തെ സാധൂകരിക്കുന്നതാണ്. അവസാന കര്‍മവും പൂര്‍ത്തിയായ ശേഷം ഓരോരുത്തരും പരസ്പരം കെട്ടുകള്‍ അഴിക്കാനായിരുന്നു ധാരണ.
കുടുംബത്തിലെ മുതിര്‍ന്ന അംഗം നാരായണീദേവിയുടെ മകനാണ് ലളിത്. നടത്താന്‍ പോകുന്ന ഓരോ കാര്യങ്ങളും ലളിത് തന്റെ ഡയറിയില്‍ എഴുതിവെച്ചിട്ടുണ്ട്. പ്രിയങ്കയുടെ ഫെയ്സ്ബുക്ക് അക്കൌണ്ടിലും ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. പത്തുവര്‍ഷം മുമ്പ് മരിച്ചുപോയ പിതാവാണ് തനിക്കിതെല്ലാം പറഞ്ഞുതരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. ജൂണ്‍ 30-ന് എഴുതിയ അവസാന ഡയറിക്കുറിപ്പില്‍ ദൈവത്തിലേക്കുള്ള വഴിയെന്ന തലക്കെട്ടോടെയാണ് ഇക്കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.
''ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക. അതിന്റെ നിറം മാറുമ്പോള്‍ ഞാന്‍ നിങ്ങളെ രക്ഷിക്കാനെത്തും.'' എന്ന് പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളില്‍ ലളിത് എഴുതിയിട്ടുണ്ട്.