സംസ്ഥാന-പൊതു തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്: എതിര്‍പ്പുമായി രാഷ്ട്രീയപാര്‍ട്ടികള്‍

സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധികള്‍ പൂര്‍ത്തിയാക്കാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് പ്രാദേശികക്ഷികള്‍ ആരോപിച്ചു. 

Update: 2018-07-08 01:38 GMT
Advertising

സംസ്ഥാന തിരഞ്ഞെടുപ്പുകളും പൊതുതിരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി ലോ പാനല്‍ ഇന്നും കൂടിയാലോചനകള്‍ നടത്തും. ബിജെപിയൊഴികെ മിക്ക പാര്‍ട്ടികളും നീക്കത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ഈ നീക്കമെന്നാണ് മിക്ക പാര്‍ട്ടികളുടേയും ആരോപണം.

സംസ്ഥാന തിരഞ്ഞെടുപ്പുകളും പൊതുതിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിനെ പിന്തുണയ്ക്കുന്നത് ബിജെപി മാത്രമാണ്. കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവയ്ക്ക് പുറമെ പ്രമുഖ പ്രാദേശിക പാര്‍ട്ടികളും നീക്കത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. രാഷ്ട്രീയകക്ഷികളുമായുള്ള ചര്‍ച്ചയുടെ ആദ്യദിവസം തന്നെ ഇതിനോടുള്ള വിയോജിപ്പ് പാര്‍ട്ടികള്‍ വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധികള്‍ പൂര്‍ത്തിയാക്കാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് പ്രാദേശികക്ഷികള്‍ ആരോപിച്ചു.

ഇത്തരം നീക്കം അംഗീകരിക്കാനാവില്ലെന്ന് തമിഴ്‍നാട്, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ വ്യക്തമാക്കി. ഇടയില്‍ ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് പുറത്തായാല്‍‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുകയെന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തലും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കലുമാണെന്ന് വിവിധ കക്ഷികള്‍ ലോ പാനലിന് മുമ്പാകെ ചൂണ്ടിക്കാട്ടി. സിപിഎമ്മും കോണ്‍ഗ്രസും ഒറ്റതിരഞ്ഞെടുപ്പെന്ന ആശയത്തെ എതിര്‍ക്കുന്നവരാണ്. രാഷ്ട്രീയകക്ഷികളുമായുള്ള കൂടിക്കാഴ്ച്ചകള്‍‍ക്ക് ശേഷം പൊതുജനങ്ങളുടെ അഭിപ്രായവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ ലോ പാനല്‍ കേള്‍ക്കും.

Tags:    

Similar News