ടെറസിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്തു; ദുരൂഹതയെന്ന് ബന്ധുക്കള്‍

ദിവസങ്ങള്‍ക്ക് മുമ്പ് അനീസിയയുടെ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പിതാവും റിട്ടയേര്‍ഡ് ജനറലുമായ ആര്‍.എസ് ദത്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Update: 2018-07-16 05:47 GMT
Advertising

ടെറസിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം. 39കാരിയായ അനീസിയ ബത്രയാണ് ഡല്‍ഹി ഹൌസ്ഗാസിലെ വീടിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്യുകയായിരുന്നു അനീസിയ.

ദിവസങ്ങള്‍ക്ക് മുമ്പ് അനീസിയയുടെ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പിതാവും റിട്ടയേര്‍ഡ് ജനറലുമായ ആര്‍.എസ് ദത്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം ചോദിച്ച് മകളെ പീഡിപ്പിക്കുന്നതായാണ് പരാതി. ഈ പരാതിയില്‍ കേസെടുത്തിരുന്നതായും വീട്ടുകാരെ ചോദ്യം ചെയ്ത് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ അനീസിയ ഭര്‍ത്താവിനൊപ്പം ഹൌസ്ഗാസിലെ വീട്ടിലാണ് സ്ഥിരതാമസമാക്കിയിരുന്നത്.

എന്നാല്‍ സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി അനീസിയ തനിക്ക് ഫോണില്‍ മെസേജ് അയച്ചതായും, ആ സമയത്ത് വീട്ടിലുണ്ടായിരുന്ന താന്‍ ടെറസിലേക്ക് ഓടിയെത്തിയപ്പോഴേക്കും അനീസിയ താഴേക്ക് ചാടിയെന്നുമാണ് ഭര്‍ത്താവ് മയങ്ക് സിംങ്‍വിയുടെ മൊഴി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീസിയ മരണപ്പെട്ടത്. സാധാരണ ഉണ്ടാകാറുള്ളതുപോലുള്ള വാക്കേറ്റങ്ങള്‍ മാത്രമേ അന്നും ഉണ്ടായിരുന്നുള്ളൂവെന്നും മയങ്ക് പറയുന്നു.

എന്നാല്‍ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടതായും പൊലീസിനെ വിളിക്കണമെന്നും ആവശ്യപ്പെട്ട് മരിക്കുന്നതിന് മുമ്പ് അനീസിയ തനിക്ക് മെസേജ് അയച്ചതായി സഹോദരന്‍ കരണ്‍ ബത്ര പറഞ്ഞു.

''അയാള്‍ കാരണം എന്റെ ജീവിതം ഇല്ലാതാകാന്‍ പോവുകയാണെന്നും അയാളെ വെറുതെ വിടരുതെന്നും അവള്‍ മെസേജില്‍ പറഞ്ഞു. അവള്‍ സ്വയം ചാടിയതാണോ അയാള്‍ തള്ളിയിട്ടതാണോ എന്നറിയില്ല. അവള്‍ ഒരുപാട് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അച്ഛനെയും അമ്മയെയും പോലും അവര്‍ ഉപദ്രവിച്ചു. അവരെ അറസ്റ്റ് ചെയ്യണം. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും സഹകരണമുണ്ടാകുന്നില്ല." കരണ്‍ ബത്ര പറഞ്ഞു.

സംഭവം നടന്ന സ്ഥലം സീല്‍ ചെയ്തതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ മയങ്ക് തന്റെ കയ്യിലുള്ള സ്പെയര്‍ കീ ഉപയോഗിച്ച് അകത്ത് കടന്ന് തെളിവുകള്‍ നശിപ്പിച്ചതായി കരണ്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനാവശ്യമായ നടപടികളില്‍ പൊലീസ് വീഴ്ച വരുത്തുന്നതായും സഹോദരന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News