കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ സ്വീകരിച്ചു
തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായി അനുമതി തേടിയത്.
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വെള്ളിയാഴ്ച്ച ലോക്സഭാ ചര്‍ച്ച ചെയ്യും. തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായി അനുമതി തേടിയത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി ബി.ജെ.പിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. ഘടക കക്ഷികളോടും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമാണ് ആദ്യം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതില്‍ ടി.ഡി.പി എം.പി കേസിനേനി ശ്രീനിവാസന്‍റെ നോട്ടീസ് സ്പീക്കര്‍ സ്വീകരിക്കുകയായിരുന്നു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ ലോക്സഭയില്‍ പറഞ്ഞു.
പ്രമേയം വെള്ളിയാഴ്ച്ച ചര്‍ച്ചക്കെടുക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പിന്നീട് അറിയിച്ചു. അവിശ്വാസ പ്രമേയത്തില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അവിശ്വാസ പ്രമേയം പാസാക്കാനാവശ്യമായ പിന്തുണ പ്രതിപക്ഷത്തിനുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.