ലോക്‍സഭയിലെ പ്രസംഗം: രാഹുല്‍ ഗാന്ധിക്ക് ശിവസേനയുടെ മുഖപത്രം സാമ്‍നയുടെ അഭിനന്ദനം

അവിശ്വാസപ്രമേയ ചര്‍ച്ച ഹൃദയം കൊണ്ട് വിജയിച്ചത് രാഹുലാണെന്ന് സാമ്‍ന. സഹോദരാ ജയിക്കുക, രാഹുലിന്റെ ജാലവിദ്യ എന്നാണ് ഇന്ന് പത്രം സഭയിലെ പ്രസംഗത്തിന് കൊടുത്തിരിക്കുന്ന തലക്കെട്ട്.

Update: 2018-07-21 05:54 GMT
Advertising

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ഒടുവില്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാമ്‌ന. സഹോദരാ ജയിക്കുക, രാഹുലിന്‍റെ ജാലവിദ്യ എന്നാണ് ഇന്ന് പത്രം സഭയിലെ പ്രസംഗത്തിന് കൊടുത്തിരിക്കുന്ന തലക്കെട്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മോദി സര്‍ക്കാരിന് എതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളും പത്രം എടുത്തു പറയുന്നുണ്ട്. അതിനിടെ ശിവസേനയുടെ ലോകസഭ ചീഫ് വിപ്പ് ചന്ദ്രകാന്ത് ഖൈറയെ മാറ്റി. കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതിനാണ് നടപടി.

അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നാണ് സാമ്‌ന ചൂണ്ടിക്കാട്ടുന്നത്. ബെഞ്ചില്‍ നിന്നും ഇറങ്ങി വന്ന് പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വലിയ വാര്‍ത്ത നല്‍കിയാണ്‌ സാമ്‌ന രാഹുലിന്റെ ലോക്‌സഭയിലെ പ്രകടനത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് കോണ്‍ഗ്രസിനേയും രാഹുലിനേയും പിന്തുണച്ച് കൊണ്ട് സാമ്‌ന ഇത്ര വലിയ വാര്‍ത്ത നല്‍കിക്കൊണ്ട് രംഗത്തുവരുന്നത്.

ലോക്‌സഭയിലെ രാഹുലിന്റെ പ്രസംഗം തെളിയിക്കുന്നത് അദ്ദേഹം യഥാര്‍ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് ബിരുദം നേടി കഴിഞ്ഞുവെന്നാണെന്ന് കഴിഞ്ഞ ദിവസം ശിവസേന നേതാവും സാമ്‌നയുടെ അസോസിയേറ്റ് എഡിറ്ററുമായ സഞ്ജയ് റാവത്തും പ്രതികരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആലിംഗനത്തെ ഇത് വെറും ആലിംഗനമല്ല മറിച്ച് മോദിക്ക് നല്‍കിയ ഷോക്കായിരുന്നുവെന്നാണ് റാവത്ത് പറയുന്നത്. രാഹുല്‍ രാജ്യത്തെ നയിക്കാന്‍ സന്നദ്ധനാണെന്ന് ആദ്യം പറഞ്ഞത് ശിവസേനയാണ്. ഇക്കാര്യം ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ശിവസേന തങ്ങളുടെ ചീഫ് വിപ്പ് ചന്ദ്രകാന്ത് ഖൈറയെ സ്ഥാനത്ത് നിന്നും മാറ്റി. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ചന്ദ്രകാന്ത് ഖൈറയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് ബിജെപിക്ക് അനുകൂലമായി പിന്തുണ അഭ്യര്‍ഥിച്ച് എം.പി മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പാര്‍ട്ടി അറിവോടെയായിരുന്നില്ല. തുടര്‍ന്നാണ് ചന്ദ്രകാന്ത് ഖൈറയെ പിന്‍വലിക്കാന്‍ ശിവസേന തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ശിവസേന വിട്ട് നിന്നിരുന്നു.

Tags:    

Similar News