ഹര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷം ജയില്‍ശിക്ഷ
കേസില്‍ മൊത്തം 17 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഗുജറാത്തിലെ മെഹ്‍സന കോടതിയാണ് ഹര്‍ദിക് പട്ടേല്‍ അടക്കം മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പട്ടേല്‍ സംവരണ സമരത്തിലെ തീപ്പൊരി നേതാവ് ഹര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷം ജയില്‍ശിക്ഷ. പട്ടേല്‍ സമരവുമായി ബന്ധപ്പെട്ട് 2015 ലെ കലാപ കേസിലാണ് ഗുജറാത്ത് കോടതി ശിക്ഷ വിധിച്ചത്. ബി.ജെ.പി എം.എല്‍.എമാരുടെ ഓഫീസ് ആക്രമിച്ചെന്നും കലാപമുണ്ടാക്കിയെന്നുമാണ് കേസ്.
കേസില്‍ മൊത്തം 17 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഗുജറാത്തിലെ മെഹ്‍സന കോടതിയാണ് ഹര്‍ദിക് പട്ടേല്‍ അടക്കം മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സര്‍ദാര്‍ പട്ടേല്‍ സംഘം നേതാവ് ലാല്‍ജി പട്ടേലാണ് ശിക്ഷ ലഭിച്ച മറ്റൊരാള്‍. രണ്ടു വര്‍ഷം ജയില്‍ശിക്ഷക്ക് പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചു. ഇതേസമയം, ശിക്ഷാ വിധിക്ക് തൊട്ടുപിന്നാലെ മെഹ്‍സന കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.
സാമൂഹികാവകാശം കുറ്റകരമാണെങ്കില്‍ സാമൂഹിക സേവനത്തിന് വേണ്ടി പൊരുതിയ താന്‍ കുറ്റവാളിയാണെന്ന് കോടതിവിധിക്ക് ശേഷം ഹര്‍ദിക് പട്ടേല്‍ പ്രതികരിച്ചു. സത്യത്തിനും ശരിക്കും വേണ്ടി പൊരുതിയതിന്‍റെ പേരിലാണെങ്കില്‍ താനൊരു വിപ്ലവകാരിയാണ്. പാവപ്പെട്ടവനും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സത്യത്തിനും വേണ്ടി പൊരുതുന്ന തന്‍റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഹിറ്റ്‍ലര്‍ ഭരണം നടത്തുന്ന ബി.ജെ.പിക്ക് സാധിക്കില്ലെന്നും ഹര്‍ദിക് പറഞ്ഞു.