രാഷ്ട്രീയ എതിരാളികളോട് വിദ്വേഷം ആവശ്യമില്ലെന്ന് രാഹുൽ

കരൺ ഥാപ്പറിന്റെ ഡെവിൾസ് അഡ്വക്കേറ്റ് ദ അൺറ്റോൾഡ് സ്റ്റോറി എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

Update: 2018-07-26 02:16 GMT
Advertising

രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രീയക്കാർ പരസ്പരം എതിർക്കുന്നത് പോലെ തന്നെ ആലിംഗനം ചെയ്യുകയും വേണം. കരൺ ഥാപ്പറിന്റെ ഡെവിൾസ് അഡ്വക്കേറ്റ് ദ അൺറ്റോൾഡ് സ്റ്റോറി എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. വേദിയിലിരുന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ പറഞ്ഞു തുടങ്ങിയത്.

"ഞങ്ങൾ ഇരുവർക്കും ഇന്ത്യയെന്ന ആശയത്തിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത് എന്നാൽ ഞാൻ അദ്ദേഹത്തെ വെറുക്കില്ല. ആലിംഗനം ചെയ്യും. എതിരാളികളോട് വെറുപ്പ് ആവശ്യമില്ല".

നിലവിൽ ബിജെപി എംപിമാർ തന്നെ കാണുമ്പോൾ ആലിംഗനം ചെയ്യും എന്ന് കരുതി രണ്ട് സ്റ്റെപ്പ് പുറകിലേക്ക് പോവുകയാണെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് ബിജെപി സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും കരൺ ഥാപ്പറിന്റെ ഡെവിൾസ് അഡ്വക്കേറ്റ് ദ അൺറ്റോൾഡ് സ്റ്റോറി എന്ന പുസ്തക പ്രകാശന ചടങ്ങിന് എത്തിയിരുന്നു.

Tags:    

Similar News