18 ലക്ഷം രൂപയുടെ ബൈക്ക് കണ്ടപ്പോള്‍ പൊലീസുകാര്‍ ചോദിച്ചത്...
സൂപ്പര്‍ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തുന്നതും ചിലപ്പോഴെങ്കിലും കാരണങ്ങളുണ്ടാക്കി പിഴയിടുന്നതും വാഹനം പിടിച്ചെടുക്കുന്നതുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്.
നിരത്തുകളില്‍ വഴിയാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി ചീറിപ്പായുന്ന സൂപ്പര്‍ബൈക്കുകള്‍ പൊലീസിന് എക്കാലത്തും കണ്ണിലെ കരടാണ്. ഇത്തരം സൂപ്പര്‍ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തുന്നതും ചിലപ്പോഴെങ്കിലും കാരണങ്ങളുണ്ടാക്കി പിഴയിടുന്നതും വാഹനം പിടിച്ചെടുക്കുന്നതുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. മിക്കപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ പൊലീസുകാരുടെ പെരുമാറ്റം അസഹനീയവുമായിരിക്കും.
പൊലീസുകാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന, സമാന സാഹചര്യങ്ങളില്‍ പകര്‍ത്തിയ ഒട്ടേറെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ 18 ലക്ഷം രൂപ വിലയുള്ള ഡുക്കാട്ടി ഡിയവെല്‍ സൂപ്പര്‍ബൈക്കുമായി നിരത്തിലിറങ്ങിയ യൂട്യൂബര്‍ സൊഹൈല്‍ അഹമ്മദിന് വ്യത്യസ്തമായ ഒരു അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. ഹൈദരാബാദ് നഗരത്തിലൂടെ ഡുക്കാട്ടി ബൈക്കുമായി പോകുമ്പോഴാണ് രണ്ടു പൊലീസുകാര്‍ സൊഹൈലിനെ തടഞ്ഞുനിര്‍ത്തിയത്. ആദ്യം തന്നെ അവര്‍ സൊഹൈലിനോട് ചോദിച്ചത്, ബൈക്കിന്‍റെ വിലയാണ്. 18 ലക്ഷം രൂപയാണ് വിലയെന്ന് അറിഞ്ഞതോടെ പൊലീസുകാരുടെ കൌതുകം കൂടി. ഇതിനെത്ര മൈലേജ് കിട്ടുമെന്നായി അടുത്ത ചോദ്യം.
പൊലീസുകാരില്‍ ഒരാള്‍ ഡുക്കാട്ടി ബൈക്കില്‍ കയറിയിരുന്ന് ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഈ സമയം മറ്റൊരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകന്‍റെ ചിത്രം പകര്‍ത്തുകയായിരുന്നു. ചിത്രമൊക്കെ പകര്‍ത്തി കഴിഞ്ഞപ്പോള്‍ ബൈക്ക് ഒരു റൌണ്ട് ഓടിച്ചുനോക്കാനായി കൌതുകം. സൊഹൈലിന്‍റെ പ്രോത്സാഹനം കൂടിയായപ്പോള്‍ കൂട്ടത്തിലെ പൊലീസുകാരന്‍ ഡുക്കാട്ടി ഓടിച്ചും നോക്കി. ഏതായാലും ഇതൊക്കെ ഹെല്‍മെറ്റിലെ കാമറയില്‍ പകര്‍ത്തിയ സൊഹൈല്‍, യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തു. മൂന്നു ദിവസം കൊണ്ട് ഈ വീഡിയോ 12 ലക്ഷത്തിലേറെ പേരാണ് കണ്ടത്.