ഇന്ത്യന്‍ ജയിലുകളില്‍ ശുദ്ധവായുവും സൂര്യപ്രകാശവുമില്ലെന്ന് മല്യ; വീഡിയോ കാണണമെന്ന് ബ്രിട്ടീഷ് ജഡ്ജി 

സൂര്യപ്രകാശം പോലും കടന്നുചെല്ലാത്ത വിധം പരിതാപകരമാണ് ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥയെന്ന് വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ കോടതിയില്‍

Update: 2018-07-31 12:54 GMT
Advertising

സൂര്യപ്രകാശം പോലും കടന്നുചെല്ലാത്ത വിധം പരിതാപകരമാണ് ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥയെന്ന് വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ കോടതിയില്‍. തുടര്‍ന്ന് വിജയ് മല്യയെ തടവിലിടാന്‍ ഉദ്ദേശിക്കുന്ന ജയിലിന്‍റെ വീഡിയോ കാണിക്കാന്‍ ഇന്ത്യയോട് ബ്രിട്ടീഷ് ജഡ്ജി ആവശ്യപ്പെട്ടു. വിജയ് മല്യയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം സെപ്തംബര്‍ 12ന് ബ്രിട്ടീഷ് കോടതി വീണ്ടും പരിഗണിക്കും.

വിജയ് മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തടവിലിടുമെന്നാണ് ഇന്ത്യ അറിയിച്ചത്. ജയിലിന്‍റെ ചിത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ശുദ്ധവായുവും സൂര്യപ്രകാശവും കടക്കാത്ത വിധം പരിതാപകരമാണ് ജയിലിന്‍റെ അവസ്ഥയെന്ന് വിജയ് മല്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. മനുഷ്യാവകാശ കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ജയിലുകളുടെ രൂപകല്‍പനയെന്ന് ഇന്ത്യ കോടതിയെ അറിയിച്ചു. പക്ഷേ മല്യയുടെ വാദം കേട്ട കോടതി പകല്‍ ചിത്രീകരിച്ച വീഡിയോ തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ്സ് കോടതിയാണ് മല്യയുടെ കേസ് പരിഗണിക്കുന്നത്. 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്യ 2016 മാര്‍ച്ചിലാണ് ഇന്ത്യ വിട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4നാണ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി വിചാരണയ്ക്കെടുത്തത്. കേസ് സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News