ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യവും സംവരണത്തിന്‍റെ ആവശ്യകതയും
നിയമനങ്ങളിലെ അഭാവങ്ങളെ കൃത്യമായ കണക്കുകള്‍ വെച്ച് കണ്ടെത്തുകയും കുറവുള്ള സമൂഹങ്ങളുടെ കൃത്യമായ പ്രതിനിധാനം ജുഡീഷ്യറിയിലുണ്ടാകണമെന്നത് സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചുള്ള ചര്‍ച്ചകളോളം തന്നെ പ്രധാനമാണ്
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ട് ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീം കോടതി ജസ്റ്റിസ് ആയി നിയമിതനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അദ്ദേഹത്തോടൊപ്പം ഒറീസ്സ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരന്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിരാ ബാനര്‍ജി എന്നിവരും സുപ്രീം കോടതി ജസ്റ്റിസായി നിയമിതരായതോടെ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഒരപൂര്‍വ സന്ദര്‍ഭമുണ്ടായിരിക്കുന്നു. സുപ്രീം കോടതി നിലവില്‍ വന്നു അറുപത്തെട്ടു വര്‍ഷത്തിനിടക്ക് ആദ്യമായിട്ടാണ് ഒരേ സമയം മൂന്ന് വനിതാ ജഡ്‍ജിമാരുണ്ടാവുന്നത്. ഇന്ദിരാ ബാനര്‍ജിക്ക് പുറമേ ജസ്റ്റിസ് ആര്‍.ഭാനുമതി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയുടെ ഉന്നത നീതിപീഠത്തിലുള്ള മറ്റു രണ്ടു വനിതകള്‍.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇന്നേ വരെ വെറും ഏഴു വനിതകളാണ് ജട്ജിമാരായിട്ടുള്ളത്. 1950 ല്‍ നിലവില്‍ വന്ന സുപ്രീം കോടതിയുടെ ആദ്യ മൂന്ന് ദശകങ്ങളിലും ഒരു വനിത പോലും നിയമിക്കപ്പെട്ടിരുന്നില്ല. 39 കൊല്ലങ്ങള്‍ക്ക് ശേഷം 1989 ല്‍ നിയമിതയായ ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രീം കോടതി ജഡ്ജായി നിയമിക്കപ്പെടുന്ന ആദ്യ വനിതയെന്ന ഖ്യാതി നേടിയത്. അവര്‍ക്ക് ശേഷം ജസ്റ്റിസുമാരായ സുജാത മനോഹര്‍, രുമാ പാല്‍, ഗ്യാന്‍ സുധാ മിശ്ര, രഞ്ജന പ്രകാശ് ദേശായ്, ആര്‍ ഭാനുമതി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ജഡ്‍ജിമാരായി. ഇവരിലധിക പേരും തങ്ങളുടെ കാലയളവില്‍ സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്‍ജിയായിട്ടാണ് കാലാവധി പൂര്‍ത്തിയാക്കിയത്. എന്നാല്‍ 2011ലാണ് ഈയവസ്ഥ മാറിയത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് സുപ്രീം കോടതി ജഡ്‍ജിയായി ഉയര്‍ത്തപ്പെട്ട പ്പോള്‍ അതെ സമയം തന്നെ ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര സുപ്രീം കോടതി ജഡ്‍ജിയായി നിലവില്‍ ഉണ്ടായിരുന്നു. സുപ്രീം കോടതിയില്‍ ഒരേ സമയം രണ്ട് വനിതാ ജഡ്‍ജിമാരുണ്ടാവാന്‍ 60 വര്‍ഷമെടുത്തുവെങ്കില്‍ ഇപ്പോള്‍ അതിനു ശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ദിരാ മുഖര്‍ജിയുടെ നിയമനത്തോടെ മറ്റൊരു ചരിത്രത്തിന് തുടക്കം കുറിക്കുകയാണ് .
നീതി പീഠത്തിലെ സ്ത്രീ പ്രാതിനിധ്യം: കണക്കുകള്‍ എന്ത് പറയുന്നു?
ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ നിയമനം രാജ്യത്തിന്‍റെ മേല്‍ കോടതികളിലും കീഴ്കോടതികളിലുമുള്ള സ്ത്രീ പ്രാതിനിധ്യത്തിന്‍റെ ശുഷ്കമായ അവസ്ഥയെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ചെറിയ പരിഹാരം മാത്രമാണ്. സുപ്രീം കോടതിയിലെയും ഹൈകോടതികളിലെയും ജട്ജിമാരിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ ന്യൂസ് റിപ്പോര്‍ട്ടുകളും മറ്റു പൊതു ഡാറ്റകളില്‍ നിന്നും ലഭ്യമാണ്. 24 ഹൈക്കോടതികളില്‍ ആകെ 692 ജഡ്ജിമാരില്‍ 70 സ്ത്രീകള്‍ ഉള്ളപ്പോള്‍ 9 ഹൈക്കോടതികളില്‍ സ്ത്രീപ്രാതിനിധ്യം തീരെ ഇല്ല എന്നാണു നിയമ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ 2017 ല്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നത്.
സുപ്രീം കോടതി നിലവില്‍ വന്നു അറുപത്തെട്ടു വര്‍ഷത്തിനിടക്ക് ആദ്യമായിട്ടാണ് ഒരേ സമയം മൂന്ന് വനിതാ ജഡ്‍ജിമാരുണ്ടാവുന്നത്.
എന്നാല്‍ കീഴ്ക്കോടതികളിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ സര്‍ക്കാര്‍ തലത്തില്‍ ഈയടുത്ത കാലം വരെ നിലവിലുണ്ടായിരുന്നില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിധി സെന്റര് ഫോര്‍ ലീഗല്‍ പോളിസി Titling the scale-Gender Impbalance in the Lower Judiciary എന്ന തലക്കെട്ടില്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലൂടെയാണ് കുറ്റമറ്റതെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന കണക്കുകള്‍ ലഭ്യമാവുന്നത്.
കീഴ്കോടതികളില്‍ 27% പ്രതിനിധ്യമുള്ളപ്പോള്‍ ഹൈക്കോടതി തലത്തില്‍ 10% മാത്രമാണ് സ്ത്രീ പ്രാതിനിധ്യമെന്ന് പ്രസ്തുത റിപ്പോര്‍ട്ട് പറയുന്നു. 1959 ല്‍ ജസ്റ്റിസ് അന്നാ ചാണ്ടി ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയായി കേരളാ ഹൈക്കോടതിയില്‍ സ്ഥാനമേറ്റെടുത്ത ശേഷം ഇന്ത്യയില്‍ ആകെ 86 പേര്‍ മാത്രമാണ് വനിതകള്‍ ഹൈക്കോടതി ജഡ്ജ് പദവിയില്‍ ഇരുന്നിട്ടുള്ളൂ. അതേ സമയം കീഴ്കോടതികളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കാനുള്ള കാരണം പല സംസ്ഥാനങ്ങളിലും 5% ( ജാര്‍ഖണ്ഡ് ) മുതല്‍ 35% (ബീഹാര്‍) വരെ സംവരണം ഏര്‍പ്പെടുത്തിയത് കൊണ്ടാണ് എന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.
ആകെ 11,397 പുരുഷ ജഡ്ജിമാരും 4409 വനിതാ ജഡ്ജിമാരുമാണ് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ താഴെ തട്ടുകളിലെ കോടതികളിലുള്ളതെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ ഓരോ സംസ്ഥാനത്തെയും കീഴ്കോടതികളിലെയും സ്ത്രീ പ്രാതിനിധ്യം വേര്‍തിരിച്ചു കൊടുത്തിട്ടുണ്ട് . മേഘാലയ (73.80 %), ഗോവ(65.9%), സിക്കിം (64 .7 %), തെലങ്കാന (44.03 %) എന്നീ സംസ്ഥാനങ്ങളാണ് സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളവരില്‍ ആദ്യ സ്ഥാനക്കാര്‍. ബീഹാര്‍ (11.52) ജാര്‍ഖണ്ഡ് (13.98 %), ഗുജറാത്ത് ( 15.11 ), ജമ്മു കശ്മീര്‍ (18.62 %), നാഗാലാണ്ട് (19.5%), ഉത്തര്‍പ്രദേശ് (21.4 %) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് സ്ത്രീ പ്രാതിനിധ്യമുള്ളത്. ജനസംഖ്യയിലെ സ്ത്രീ – പുരുഷാനുപാതം ഏറ്റവും കുറഞ്ഞ പഞ്ചാബ് – ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കീഴ്കോടതികളില്‍ യഥാക്രമം 39.04 ശതമാനവും 34.44 ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ളപ്പോള്‍ സ്ത്രീ –പുരുഷാനുപാതത്തില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കേരളത്തില്‍ 33.25 % സ്ത്രീ പ്രാതിനിധ്യമാണ് (295 പുരുഷന്മാരും (66.75 %) 147 വനിതകളും) റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. പഞ്ചാബ്, ഹരിയാന, കേരളം, ഹിമാചല്‍, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഡല്‍ഹി, ജമ്മു കശ്മീര്‍ തുടങ്ങി പതിമൂന്നോളം സംസ്ഥാനങ്ങള്‍ കീഴ്കോടതികളിലെ ജഡ്ജ് നിയമനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം/ ക്വാട്ട നല്‍കുന്നില്ല എന്നത് കൂടി ഈയൊരു സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മേല്‍പ്പറഞ്ഞ വിധി സെന്റര് ഫോര്‍ ലീഗല്‍ പോളിസി പുറത്ത് വിട്ട റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ട് കീഴ്കോടതികളിലും മറ്റും സ്ത്രീകളുടെ പ്രാതിനിധ്യം അന്‍പതു ശതമാനമാക്കണമെന്ന ആവശ്യം പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തൊണ്ണൂറ്റി ആറാമത് റിപ്പോര്‍ട്ടിലൂടെ രാജ്യസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. മേല്‍കോടതികളില്‍ സമൂഹത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കും വിധം കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയ കമ്മിറ്റി, നിയമ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഐ.ഐ.റ്റി മാതൃകയില്‍ ദേശീയ നിയമ സര്‍വകലാശാലകളിലെ പഞ്ചവല്‍സര നിയമ ബിരുദ കോര്‍സുകളിലേക്കുള്ള പ്രവേശനത്തില്‍ സൂപ്പര്‍ന്യൂമററി ക്വാട്ട സൃഷ്ട്ടിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിരുന്നു.
ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അടക്കം ഒരേ സമയം മൂന്ന് വനിതാ ജഡ്ജിമാര്‍ സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി ഉണ്ടാവുന്നത് മേല്‍കോടതികളിലും കീഴ്കോടതികളിലുമുള്ള സ്ത്രീ പ്രാതിനിധ്യത്തിന്‍റെ അഭാവം സംബന്ധിച്ച വിമര്‍ശനങ്ങളുടെ കൂടെ ഫലമായി വായിക്കണം. ജാതി, മതം തുടങ്ങിയ അളവു കോലുകള്‍ വെച്ച് ജുഡീഷ്യറിയിലെ നിയമനങ്ങളിലെ അഭാവങ്ങളെ ഇത്തരത്തില്‍ കൃത്യമായ കണക്കുകള്‍ വെച്ച് കണ്ടെത്തുകയും പ്രാതിനിധ്യം കുറവുള്ള സമൂഹങ്ങളുടെ കൃത്യമായ പ്രതിനിധാനം ജുഡീഷ്യറിയിലുണ്ടാവുകയും ചെയ്യേണ്ടത് സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചുള്ള ചര്‍ച്ചകളോളം തന്നെ പ്രധാനമാണെന്ന് വിധി സെന്റര് ഫോര്‍ ലീഗല്‍ പോളിസി റിപ്പോര്‍ട്ട് അതിന്‍റെ ആമുഖത്തില്‍ തന്നെ സൂചിപ്പിക്കുകയുണ്ടായിട്ടുണ്ട്. പ്രാതിനിധ്യമില്ലാത്ത സമൂഹങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്താന്‍ ജുഡീഷ്യല്‍ നിയമനങ്ങളില്‍ സംവരണം നടപ്പിലാക്കുന്നതിലൂടെ മാത്രമേ സമൂഹത്തിന്‍റെ വൈവിധ്യം നീതി പീഠത്തിലും പ്രതിഫലിക്കൂ.