ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോറിറ്റി കുറച്ച നടപടിയിൽ ജഡ്ജിമാരും കേന്ദ്രവും തമ്മിൽ ഭിന്നത ശക്തം
നടപടി നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തിന് നേരേയുളള കടന്നുകയറ്റമാണെന്ന് ജഡ്ജിമാർ ഇന്ന് ചീഫ് ജസ്റ്റിസിനെ അറിയിക്കും
ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോറിറ്റി കുറച്ച നടപടിയിൽ ജഡ്ജിമാരും കേന്ദ്ര സർക്കാരും തമ്മിൽ ഭിന്നത ശക്തം. നടപടി നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തിന് നേരേയുളള കടന്നുകയറ്റമാണെന്ന് ജഡ്ജിമാർ ഇന്ന് ചീഫ് ജസ്റ്റിസിനെ അറിയിക്കും. എന്നാൽ, കൊളീജിയം അയച്ച പട്ടിക പ്രകാരം ജോസഫ് ജൂനിയർ ജഡ്ജിയാണെന്നാണ് കേന്ദ്രസർക്കാരിന്റെ മറുവാദം.
ജസ്റ്റിസ് കെ.എം. ജോസഫിന് അർഹിക്കുന്ന സീനിയോറിറ്റി നൽകാതെയാണ് കേന്ദ്ര സർക്കാർ നിയമിച്ചത് എന്നാണ് സുപ്രീം കോടതി ജഡ്ജിമാർക്കിടയിലെ പൊതുവികാരം. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ മറുവാദമുന്നയിക്കുന്നത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും വിനീത് ശരണും കെ.എം.ജോസഫിനേക്കാള്‍ സീനിയറാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2002 ഫെബ്രുവരി അഞ്ചിനാണ് ഇന്ദിര ബാനർജി ഹൈക്കോടതി ജഡ്ജിയാകുന്നത്. വിനീത് ശരൺ 2002 ഫെബ്രുവരി പതിനാലിനും. എന്നാൽ, ജോസഫ് ഹൈക്കോടതി ജഡ്ജിയാകുന്നത് 2004 ഒക്ടോബർ പതിനാലിനാണ്. അതിനാൽ ജൂലൈ പതിനാറിന് ലഭിച്ച ശിപാര്‍ശയിലെ മൂന്നു പേരുകളില്‍ സീനിയോറിറ്റി അനുസരിച്ച് നിയമനം നല്‍കുകയായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാൽ കൊളീജിയം കഴിഞ്ഞ ജനുവരി പത്തിനാണ് ആദ്യ ശിപാർശ അയച്ചതെന്നും അത് ജൂലൈ 16ന് രണ്ടാമത് അയച്ച ശിപാര്‍ശയിലും ആവർത്തിക്കുകയായിരുന്നുവെന്നാണ് പ്രതിഷേധിച്ചു നിൽക്കുന്ന സുപ്രീം കോടതി ജഡ്ജിമാരുടെ വാദം. ജോസഫിന്റെ ഫയൽ പ്രത്യേകമായാണ് അയച്ചത്. എന്നിട്ടും മൂന്ന് പേരുടെ പേരുകൾ ഒരുമിച്ചു പരിഗണിച്ചുവെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടുന്നു. സുപ്രിം കോടതി ബാർ അസോസിയേഷനും ഇതേ നിലപാടിലാണ്.