മറീന ബീച്ചില്‍ സമാധിസ്ഥലം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍; തമിഴ്നാട്ടില്‍ പ്രതിഷേധം കത്തുന്നു

Update: 2018-08-07 15:50 GMT
Advertising

കരുണാനിധിയുടെ സംസ്കാര സ്ഥലത്തെ ചൊല്ലി തര്‍ക്കം. മറീന ബീച്ചില്‍ സംസ്കാരത്തിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാവേരി ആശുപത്രിക്ക് മുന്നില്‍ നിരവധി തവണ സംഘര്‍ഷമുണ്ടായി. ഗാന്ധി മണ്ഡപത്തിലാണ് സംസ്കാരത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്.

മറീന ബിച്ചില്‍ അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിന് സമീപത്തായി കരുണാനിധിക്കും അന്ത്യവിശ്രമം ഒരുക്കണമെന്നായിരുന്നു ഡി.എം.കെ പ്രവര്‍ത്തകര്‍കരുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ച കരുണാനിധിയുടെ മകനും ഡി.എം.കെ വര്‍ക്കിംങ് പ്രസിഡന്റുമായ എം.കെ സറ്റാലിന്‍ സംസ്കാരത്തിനായി മറീന ബിച്ചില്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ സ്ഥലം അനുവദിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

മറീന ബിച്ചിന് പകരം ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു. കരുണാനിധിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ഡി.എം.കെ നേതാവ് ദുരൈ മുരുകന്‍ കാവേരി ആശുപത്രിക്ക് മുന്നില്‍ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഡി.എം.കെ അണികള്‍ ബാരിക്കേഡുകള്‍ വലിച്ചെറിയുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. മറീനയില്‍ സമാധി ആവശ്യപ്പെട്ട് ഗോപാലപുരത്ത് ഡിഎംകെ അണികളുടെ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം ആശുപത്രിയില്‍ നിന്നും ഗോപാലപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

Tags:    

Similar News