രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്; എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗിന് ജയം
പ്രതിപക്ഷ നിരയില്‍ പ്രതീക്ഷിച്ച ഐക്യമുണ്ടാകാതെ വന്നതോടെ 41 വർഷത്തിന് ശേഷം കോൺഗ്രസിന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം കൈവിട്ടു
രാജ്യസഭ ഉപാധ്യക്ഷ തെരെഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗിന് ജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബി.കെ ഹരിപ്രസാദിനെ 20 വോട്ടുകള്‍ക്ക് ഹരിവംശ് പരാജപ്പെടുത്തി. പ്രതിപക്ഷ നിരയിലെ ധാരണയില്ലായ്മ എന്‍.ഡി.എക്ക് ഗുണമായി.
പ്രതിപക്ഷ നിരയില്‍ പ്രതീക്ഷിച്ച ഐക്യമുണ്ടാകാതെ വന്നതോടെ 41 വർഷത്തിന് ശേഷം കോൺഗ്രസിന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം കൈവിട്ടു. ബീഹാറില്‍ നിന്നുള്ള ജെ.ഡി.യു എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ ഹരിവംശ് നാരായണ്‍ സിംഗിന് ലഭിച്ചത് ആകെ 125 വോട്ട്. സംയുക്ത പ്രതിപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് എം.പിയുമായ ബി.കെ ഹരി പ്രസാദിന് ലഭിച്ചതാകട്ടെ 105 വോട്ട്. ഇഞ്ചോടിച്ച് മത്സരം പ്രതീക്ഷിച്ചടത്താണ് 20 വോട്ടിനുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ പരാജയം. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ 13 അംഗങ്ങള്‍ വോട്ടടുപ്പില്‍ നിന്ന് വിട്ട് നിന്നതാണ് പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ആയത്. ആം ആദ്മി പാര്‍ട്ടിയും പി. ഡി.പിയും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരുന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയും വോട്ടെടുപ്പിനെത്തി.