‘ആധാർ ചലഞ്ച്’ നായകൻ ആർ.എസ് ശർമ്മയുടെ കാലാവധി നീട്ടി
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ആർ.എസ് ശർമ്മയുടെ കാലാവധി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ചു പുലിവാല് പിടിച്ച ശർമ്മ ഈ ആഴ്ച കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് രണ്ടു വർഷത്തേക്ക് കൂടി നീട്ടിനൽകിയത്.
പുതിയ ഉത്തരവ് പ്രകാരം 2020 സെപ്തംബര് വരെ ശർമ്മ ട്രായ് ചെയർമാനായി തുടരും. 2015 ൽ വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ശർമ്മയെ കേന്ദ്ര സർക്കാർ ട്രായ് ചെയർമാനായി നിയമിച്ചത്.
ട്വിറ്ററിൽ തന്റെ ആധാർ നമ്പർ പരസ്യപ്പെടുത്തി തനിക്കു നാശമുണ്ടാക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ച ശർമ്മ വിവാദത്തിലകപ്പെട്ടിരുന്നു. വെല്ലുവിളി ഏറ്റെടുത്ത ഹാക്കർമാർ ശർമ്മയുടെ മൊബൈൽ നമ്പറും അക്കൗണ്ട് നമ്പറും പാൻ കാർഡ് നമ്പറുമടക്കമുള്ള സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തു ട്വിറ്ററിൽ പരസ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായും ചില ഹാക്കർമാർ അവകാശപ്പെട്ടിരുന്നു.
കളി കൈവിട്ടതോടെ ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് ആധാർ അധികൃതർക്ക് ഉത്തരവിറക്കേണ്ടി വന്നു. എന്നാൽ ശർമ്മയുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തത് ആധാർ നമ്പർ ഉപോയോഗിച്ചല്ല എന്നും അവർ അവകാശപ്പെട്ടു.