ഉമറിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു; രവി പൂജാരിക്കെതിരെ ഷെഹ്‍ല റാഷിദ് പരാതി നല്‍കി
ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമമുണ്ടായ ഇന്നലെയാണ് രവി പൂജാരിക്കെതിരെ ഷെഹ്‍ല പരാതി നല്‍കിയത്.
വധഭീഷണി മുഴക്കിയതിന് മാഫിയ ഡോണ്‍ രവി പൂജാരിക്കെതിരെ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‍ല റാഷിദ് പരാതി നല്‍കി. തനിക്കും ഉമര്‍ ഖാലിദ്, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവര്‍ക്കും നേരെ രവി പൂജാരി വധഭീഷണി മുഴക്കിയിരുന്നതായി ഷെഹ്‍ല പറഞ്ഞു.
ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമമുണ്ടായ ഇന്നലെയാണ് രവി പൂജാരിക്കെതിരെ ഷെഹ്‍ല പരാതി നല്‍കിയത്. ''എഫ്ഐആര്‍ നമ്പര്‍ 45/2018ല്‍ 506 ആര്‍പിസി സെക്ഷന്‍ പ്രകാരം എന്റെ പരാതിയിന്മേല്‍ രവി പൂജാരിക്കെതിരെ ജമ്മുകാശ്മീര്‍ പൊലീസ് കേസെടുത്തു.'' ഷെഹ്‍ല ട്വിറ്ററില്‍ കുറിച്ചു.
''വലതുപക്ഷ ഹിന്ദുത്വ മൌലികവാദി രവി പൂജാരിയില്‍ നിന്നും എനിക്കും ഉമറിനും ജിഗ്നേഷ് മേവാനിക്കും നേരെ വധഭീഷണി ഉണ്ടായിരുന്നു. ഞങ്ങളോട് മിണ്ടാതിരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എസ്എംഎസ് വഴിയായിരുന്നു ഭീഷണി. ഡിജിറ്റല്‍ ഇന്ത്യ!'' ഷെഹ്‍ല വ്യക്തമാക്കി. രവി പൂജാരി തനിക്കയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടും ഷെഹ്‍ല ട്വിറ്ററില്‍ പങ്കുവെച്ചു. ''മിണ്ടാതിരിക്കണം, ഇല്ലെങ്കില്‍ ആ ശബ്ദം ഞങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കും. ഉമര്‍ ഖാലിദിനോടും ജിഗ്നേഷ് മേവാനിയോടും കൂടി പറഞ്ഞേക്കുക. മാഫിയ ഡോണ്‍ രവി പൂജാരി.'' എന്നായിരുന്നു സന്ദേശം.
FIR number 45/2018 u/s 506 RPC filed by J&K Police against Ravi Poojary on my complaint. https://t.co/D1yYCs2f6Q
— Shehla Rashid (@Shehla_Rashid) August 13, 2018
ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പരിപാടിക്കെത്തിയ ഉമറിന് നേരെ ഇന്നലെയാണ് അക്രമി വെടിയുതിര്‍ത്തത്. ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അക്രമിയുടെ ദൃശ്യങ്ങള്‍ സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.