ദുരിതച്ചുഴിയില്‍ മുങ്ങിയ കേരളത്തിന് 100 കോടി; മോദിയുടെ യാത്രകള്‍ക്ക് 1484 കോടി... വൈറലായി പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്

ഈ തുക അപര്യാപ്തമാണെന്ന് വിമര്‍ശം ഉയര്‍ന്നെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തിരക്കില്‍ കാര്യമായ പരാതികളൊന്നും ഉയര്‍ന്നില്ല. 

Update: 2018-08-17 09:23 GMT
Advertising

കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ 8000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോട് കേരളം അടിയന്തര സഹായമായി ആവശ്യപ്പെട്ടത് 1220 കോടി രൂപയും. എന്നാല്‍ കേന്ദ്രം ആദ്യ ഘട്ടത്തില്‍ കേരളത്തിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 100 കോടി രൂപ.

ഈ തുക അപര്യാപ്തമാണെന്ന് വിമര്‍ശം ഉയര്‍ന്നെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തിരക്കില്‍ കാര്യമായ പരാതികളൊന്നും ഉയര്‍ന്നില്ല. എന്നാലിപ്പോള്‍ കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ സമീപനത്തെ കുറിക്കുകൊള്ളുന്ന രീതിയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് ഭൂഷന്‍. കേരളത്തിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ തുകയും കേന്ദ്ര സര്‍ക്കാരിന്‍റെ പരസ്യച്ചെലവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാച്ചെലവും താരതമ്യപ്പെടുത്തിയാണ് പ്രശാന്ത് ഭൂഷന്‍ വിമര്‍ശിക്കുന്നത്.

കേരളത്തെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റുന്നതിനേക്കാള്‍ കേന്ദ്രത്തിന് വലുത് പരസ്യച്ചെലവും മോദിയുടെ യാത്രകളുമാണെന്നാണ് പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ യാത്രകള്‍ക്കായി 1484 കോടി രൂപ ചെലവാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പരസ്യങ്ങള്‍ക്കായി പൊടിച്ചത് 4300 കോടി രൂപയാണെന്ന് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. കുംഭമേളക്ക് വേണ്ടി 4200 കോടി രൂപയും ശിവാജി പ്രതിമക്ക് 3600 കോടി രൂപയും പട്ടേല്‍ പ്രതിമക്കായി 2989 രൂപയും കേന്ദ്രം അനുവദിച്ചെന്നും ട്വീറ്റില്‍ പറയുന്നു.

Tags:    

Similar News