മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി
മേല്‍നോട്ട സമിതിയുടെ തീരുമാനം നടപ്പാക്കണമെന്നും മനുഷ്യ ജീവനാണ് വില കല്‍പ്പിക്കുന്നതെന്നും വിഷയം കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നൽകിയ സത്യവാങ്മൂലം പരിഗണിക്കവെയാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മേല്‍നോട്ട സമിതിയുടെ തീരുമാനം നടപ്പാക്കണമെന്നും മനുഷ്യ ജീവനാണ് വില കല്‍പ്പിക്കുന്നതെന്നും വിഷയം കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കേസ് സെപ്തംബര്‍ ആറിലേക്ക് മാറ്റി. എന്നാല്‍ നേരത്തെയുള്ള വിധി മറികടക്കാനുള്ള ശ്രമമാണ് കേരളത്തിന്‍റേതെന്ന വിമര്‍ശമാണ് തമിഴ്‍നാട് സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയായ 142 അടിയിൽ എത്തുന്നതിനു മുൻപ് ഘട്ടംഘട്ടമായി വെള്ളം തുറന്ന് വിടാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് മുഖവിലക്കെടുത്തില്ലെന്നും ജലനിരപ്പ് 142 അടിയിൽ എത്തിയതോടെ 13 ഷട്ടറുകൾ ഒന്നിച്ചു തുറന്നതും പ്രളയത്തിന് കാരണമായി എന്നാണ് സത്യവാങ്മൂലത്തിൽ കേരളം വിമര്‍ശമുന്നയിച്ചിരുന്നു.
എന്നാല്‍ മുല്ലപ്പെരിയാറിലെ 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നത് പ്രളയത്തിന് കാരണമാക്കിയെന്ന കേരളത്തിന്റെ ആരോപണം തള്ളി തമിഴ്നാട്. തമിഴ്നാടിന്‍റെ നിലപാടല്ല കേരളത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തിരുച്ചിറപ്പിള്ളിയില്‍ പറഞ്ഞു. കേരളത്തിന്‍റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ജല നിരപ്പ് താഴ്ത്തുവാനായി കേരളം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പളനിസ്വാമി പറഞ്ഞു.