അര്‍ണാബ് ഗോസ്വാമി: വിവാദങ്ങളുടെ നാള്‍വഴികളിലൂടെ

യു.പി.എ ഭരണകാലത്ത് അഴിമതിക്കഥകള്‍ നിരന്തരമായി പുറത്തെത്തിച്ചു കൊണ്ട് ആ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളാണ് അര്‍ണാബ്

Update: 2018-08-26 13:23 GMT
Advertising

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളെ കൂട്ട് പിടിച്ച് കുപ്രസിദ്ധി നേടുകയാണ് നിലവിലെ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫായ അർണാബ് ഗോസ്വാമി. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളും മാധ്യമ ധർമ്മങ്ങളെ തച്ചുടക്കുന്ന അവതരണ രീതിയും അർണബിനെ മാധ്യമ പ്രവർത്തകർക്കിടയിൽ തന്നെ കുപ്രസിദ്ധനാക്കിയിരുന്നു.

ടൈമ്സ് നൗ എന്ന ചാനൽ കെട്ടി പടുക്കാൻ മുഖ്യ പങ്ക് വഹിച്ച അർണാബ് ടൈമ്സ് നൗ ഗ്രൂപ്പുമായ സ്വരച്ചേർചയെത്തുടർന്ന് അവിടുന്ന് രാജി വക്കുകയായിരുന്നു. പിന്നീട് കുറഞ്ഞ കാലയളവിൽ തന്നെ ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖരിന്റെ കൂടി സഹായത്തോടെ റിപ്പബ്ലിക് ടി.വി തുടങ്ങുകയായിരുന്നു.

രണ്ടാം യു.പി.എ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകള്‍ പുറത്തെത്തിച്ചു കൊണ്ട് ആ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളാണ് അര്‍ണാബ് ഗോസ്വാമി. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റിന് ആവശ്യത്തിന് ഇടം നല്‍കിക്കൊണ്ട് അർണബ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. തനിക്കു ചുറ്റും ഒരു അഴിമതി വിരുദ്ധ പോരാളിയുടെ പരിവേഷവും ഉണ്ടാക്കിയെടുത്തു. നേഷൻ വാണ്ട്സ് ടു നോ എന്ന പരിപാടിയിലൂടെ സ്വയം ഇന്ത്യയുടെ പ്രതിനിധിയായി അർണബ് സ്വയം പ്രതിഷ്ടിച്ചു.

മോദി സർക്കാരിന്റെ അഴിമതികൾ മറച്ച് പിടിക്കാനും അധികാര വർഗമെന്ന പരിവേഷമുള്ളവരെ ഉയർത്തി കാണിക്കാനും അർണബ് മറന്നില്ല. ബി.ജെ.പി യുടെ പ്രവാചകനായി മാറിയ അർണബ്
ഗോസ്വാമി സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കാനും മിടുക്കനാണ്. ബാർഖ ദത്ത്, എം.കെ. വേണു തുടങ്ങി മുതിർന്ന മാധ്യമ പ്രവർത്തകർ ഈ സമീപനത്തെ വിമർ‌ശിച്ചിട്ടുണ്ട്.

ഇനി കേരളത്തിലേക്ക വരാം, പ്രളയത്തിൽനിന്നും കര കയറാനായി കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം കേന്ദ്രത്തെ അവഹേളിക്കാൻ കേരളം മെനഞ്ഞെടുത്ത കെട്ട് കഥയാണെന്നും കേരളത്തിലെ ജനങ്ങളെല്ലാം നാണം കെട്ടവരാണെന്ന് പറഞ്ഞതാണ് പുതിയ വിവാദം. #FloodAidLie എന്ന പേരിൽ നടത്തിയ ചർചയിലായിരുന്നു വിവാദ പരാമർശം. കേരളത്തിന് എത്ര ധനസഹായം നൽകണമെന്നുള്ളതിനുള്ള അവസാന ഘട്ട തീരുമാനമായിട്ടില്ലെന്നും ഫണ്ട് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എ.ഇ യുടെ ഇന്ത്യൻ അമ്പാസിഡർ അഹ്മദ് അൽബണ്ണ പറഞ്ഞത് വളച്ചൊടിച്ചാണ് അർണാബിന്റെ പരാമർശം. ഈ വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. പക്ഷെ, ഇതാദ്യമായല്ല അർണബ് വാർത്തകളെ വളച്ചൊടിച്ച് ഇത് പോലുള്ള വിവാദങ്ങളിൽ ചെന്ന് ചാടുന്നത്. വിവാദങ്ങളില്‍ ചിലത് താഴെ,

അർണാബ് ഗോസ്വാമി Vs രാജ്ദീപ് സർദേശായി

2002 ലെ ഗുജറാത്ത് കലാപത്തിൽ എൻ.ഡി.ടി.വി ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനായി പോയ അർണാബിനേയും സംഘത്തേയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വസതിക്ക് 50 മീറ്റർ മാറി കലാപകാരികൾ ആക്രമിച്ചെന്നും വളരെ കഷ്ടപ്പെട്ടാണ് താൻ
ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതെന്നും പറഞ്ഞുകൊണ്ടുള്ള അർണബിന്റെ പരാമർശം ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് വന്നത്.

Arnab Goswami narrates 2002 Gujarat riot ordeal

Posted by FekuExpress2.0 on Monday, August 21, 2017

അർണബ് പറഞ്ഞ സംഭവങ്ങളെല്ലാം സത്യമാണ്, പക്ഷെ അത് സംഭവിച്ചത് അർണബിനായിരുന്നില്ല, തനിക്കായിരുന്നു എന്നായിരുന്നു ട്വീറ്റ്. അതിൽ നിന്നും തുടങ്ങിയ വിവാദത്തിനൊടുവിൽ അർണബിന്റെ വാദം തെറ്റായിരുന്നുവെന്ന് തെളിയുകയായിരുന്നു. മേൽപറഞ്ഞ സംഭവം രാജ്ദീപ് സർദേശായി തന്റെ പുസ്തകമായ ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

അർണാബ് ഗോസ്വാമി Vs ശശി തരൂർ

ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെചൊല്ലിയുള്ള വാദപ്രതിവാദങ്ങളരങ്ങേറിയ ചാനൽ ചർചയിൽ ശശി തരൂരിനെ അർണബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈ കോർട്ടിൽ ഒരു ഹരജി നൽകുകയും തരൂരിന് അനുകൂലമായി വിധി വരുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്ന ഒരു കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നും കേസുമായി ബന്ധപ്പെട്ട് അർണബ്
ഗോസ്വാമിയോ റിപ്പബ്ലിക് ചാനലോ ഇനി റിപ്പോർട്ടുകൾ ഒന്നും ചെയ്യരുതെന്നുമായിരുന്നു വിധി.

അൻവായ് നായിക് ആത്മഹത്യ കേസ്

മഹാരാഷ്ട്രയിലെ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക് ആത്മഹത്യ ചെയ്ത കേസിൽ അർണാബിനെതിരെ മഹാരാഷ്ട്ര പോലിസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. റിപ്പബ്ലിക് ടിവി ക്ക് കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാൽ അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്താലാണ് അൻവായ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അക്ഷത നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ശ്വേതാ കോത്താരിയുടെ രാജി

അർണബ് ഗോസ്വാമിയും മറ്റ് ചിലരും മറ്റ് ചില എഡിറ്റർമാരും തനിക്ക് മാനസികമായി പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ റിപ്പബ്ലിക്ക് ടിവിയുടെ സീനിയർ എഡിറ്റർമാരിലൊരാളായിരുന്ന ശ്വേതാ കോത്താരി ചാനലിൽ നിന്നും രാജി വച്ചിരുന്നു. ശശി തരൂർ ഡൽഹി ഹൈ കോടതിയിൽ കൊടുത്ത ഹരജി അർണ്ണബിനെതിരായി വന്ന സാഹചര്യത്തിൽ, ട്വിറ്ററിൽ ശശി തരൂർ ശ്വേതയെ ഫോളോ ചെയ്യുന്നു എന്ന കാരണത്താൽ ശ്വേത ചാനലിൽ നിന്ന് കൊണ്ട് തരൂരിന് ചാരപ്പണി ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഢനമെന്ന് ശ്വേത പറയുന്നു.

ചാനൽ ചർചകളിലെ ജനാധിപത്യ വിരുദ്ധത

ആക്രോശിക്കുന്ന ചാനൽ ചർചകളിലൂടെ വാർത്തയുടെ മൂല്യം കളഞ്ഞ് വാർത്ത ചാനലിനെ കച്ചവടമായി മാത്രം കാണുന്ന ബിസ്നസ് മാധ്യമപ്രവർത്തകനായി അർണബ് വിഹരിച്ചത് അങ്ങിനെയാണ്. ഇന്ത്യൻ മാധ്യമങ്ങളിൽ കണ്ട് വരുന്നതിൽ വച്ച് ഏറ്റവും വെറുപ്പ് തോനിക്കുന്ന ചാനൽ ചർചകളായി അവ മാറി.

ഇതില്‍ പ്രധാനപ്പെട്ടത് ജെഎന്‍യു വിഷയത്തില്‍ നടത്തിയ ചര്‍ച്ചയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് രാജ്യദ്രോഹിയെന്ന് അര്‍ണബ് ആക്രോശിച്ചതാണ്.

Full View

ചര്‍ച്ചയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രകോപനം തുടരുന്നപ്പോള്‍ അര്‍ണബിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ടിഎംസി വനിതാ എംപി മാഹുവ മൊയിത്ര പ്രതിഷേധിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

Full View
Tags:    

Similar News