മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം തടസപ്പെടാതിരിക്കാന്‍ വാജ്പേയിയുടെ മരണവാര്‍ത്ത നീട്ടിവെച്ചു?

ആഗസ്റ്റ് 16നായിരുന്നു വാജ്പേയിയുടെ വിയോഗവാര്‍ത്ത എത്തുന്നത്. വാര്‍ത്ത വൈകിപ്പിച്ചതാകാമെന്നാണ് റാവുത്ത് പറയുന്നത്.‘എന്താണ് സ്വയംഭരണം’ എന്ന തലക്കെട്ടില്‍ റാവുത്ത് എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം.

Update: 2018-08-27 10:35 GMT
Advertising

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരണം നടന്ന ദിവസത്തില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന ശിവസേന നേതാവും ശിവസേന മുഖപത്രം സാംനയുടെ എഡിറ്ററുമായ സഞ്ജയ് റാവുത്ത്. 'എന്താണ് സ്വയംഭരണം' എന്ന തലക്കെട്ടില്‍ റാവുത്ത് മറാത്തിയില്‍ എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം.

ആഗസ്റ്റ് 16നായിരുന്നു വാജ്പേയിയുടെ വിയോഗവാര്‍ത്ത എത്തുന്നത്. എന്നാല്‍ സ്വാതന്ത്ര്യദിനത്തിലെ ദു:ഖാചരണവും പതാക പകുതി താഴ്ത്തിക്കെട്ടലും ഒഴിവാക്കാനും, ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വതന്ത്ര്യദിനപ്രസംഗം തടസപ്പെടാതിരിക്കാനുമായി മരണവാര്‍ത്ത വൈകിപ്പിച്ചതാകാമെന്നാണ് റാവുത്ത് പറയുന്നത്.

''സ്വയംഭരണം(സ്വരാജ്) എന്താണെന്ന് ജനങ്ങളേക്കാള്‍ മുമ്പ് ജനപ്രതിനിധികള്‍‌ മനസിലാക്കണം. ആഗസ്റ്റ് 16നാണ് വാജ്പേയി അന്തരിച്ചത്. എന്നാല്‍ ആഗസ്റ്റ് 12,13 തിയതികളിലെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. സ്വാതന്ത്ര്യദിനത്തിലെ ദു:ഖാചരണവും പതാക താഴ്ത്തിക്കെട്ടലും ഒഴിവാക്കാനും, ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വതന്ത്ര്യദിനപ്രസംഗം തടസപ്പെടാതിരിക്കാനുമാണ് വാജ്പേയി ആഗസ്റ്റ് 16ന് ഈ ലോകം ഉപേക്ഷിച്ചത്(അഥവാ അന്നാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്).'' റാവുത്ത് പറഞ്ഞു.

''ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ പൊലീസ് പിടികൂടിയെന്ന വാര്‍ത്ത കേട്ടാല്‍ മനസിലാക്കാം, സ്വാതന്ത്ര്യദിനം അടുത്തുവെന്ന്. ഈ പതിവ് ഇക്കൊല്ലവും നടന്നു. സ്വാതന്ത്ര്യദിനത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട 10ഭീകരവാദികളെയാണ് ഇപ്രാവശ്യം പൊലീസ് അറസ്റ്റ് ചെയ്തത്. പക്ഷേ, പ്രധാനമന്ത്രി ഒരു ഭയവും കൂടാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയും ചെയ്തു.'' ലേഖനത്തില്‍ പറയുന്നു.

''തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. ഇതുവരെയുണ്ടായിരുന്ന ഗവണ്‍മെന്റുകള്‍ ആരും തന്നെ ഒന്നും ചെയ്തിട്ടില്ല എന്ന രീതിയിലായിരുന്നു ആ പ്രസംഗത്തിന്റെ ശൈലി. അതായത് ഇതുവരെ ഉണ്ടായിരുന്ന സ്വാതന്ത്ര്യം വ്യര്‍ത്ഥമാണെന്ന്.'' അദ്ദേഹം പരിഹസിച്ചു.

''ക്ഷേമപദ്ധതികളെല്ലാം ഇവിടുത്തെ സത്യസന്ധരായ ജനങ്ങള്‍ നല്‍കുന്ന നികുതി പണം കൊണ്ടാണ് നടത്തിക്കൊണ്ടുപോകുന്നത് എന്നത് ശരിയാണ്. ഇതേ പണം കൊണ്ടുതന്നെയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ നടത്തുന്നത്. ഇത്തരത്തില്‍ സമാഹരിക്കുന്ന ആയിരക്കണക്കിന് കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്നത്. ഇങ്ങനെയാണ് പുതിയ കാലത്തെ 'സ്വയംഭരണം' പ്രവര്‍ത്തിക്കുന്നത്.'' റാവുത്ത് പറയുന്നു.

Tags:    

Similar News