നടന്‍ നന്ദമുരിയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി, നാല് നഴ്‌സുമാരെ ആശുപത്രി പുറത്താക്കി
നടനും ടി.ഡി.പി നേതാവുമായ നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത സംഭവത്തില്‍ നല്‍ഗൊണ്ട കാമിനേനി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നാല് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി.ബുധനാഴ്ച്ച ഹൈദരാബാദിൽ വെച്ച് നടന്ന അപകടത്തിലായിരുന്നു നന്ദ മുരി ഹരികൃഷ്ണ മരണപ്പെട്ടത്. അപകടത്തിൽ മരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴായിരുന്നു നഴ്സുമാരുടെ സെല്ഫിയെടുപ്പ്. ഈ ചിത്രം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ നടപടിയും ഖേദ പ്രകടനവും.
നെല്ലൂരില്‍ ആരാധകന്റെ വീട്ടില്‍ കല്ല്യാണത്തിന് പോകുമ്പോള്‍ നല്‍ഗൊണ്ട ഹൈവേയില്‍ വെച്ചായിരുന്നു അപകടവും മരണവും. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ നന്ദമുരി ഹരികൃഷ്ണ തന്നെയായിരുന്നു വാഹനമോടിച്ചിരുന്നത്. പ്രശസ്ത താരം ജൂനിയര്‍ എന്‍.ടി.ആറിന്റെ പിതാവും നന്ദമുരി ബാലകൃഷ്ണയുടെ സഹോദരനും കൂടിയാണ് ഹരികൃഷ്ണ.