കാശ്മീരില്‍ 9കാരിയെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി
ജമ്മുകാശ്മീരില്‍ 9വയസുകാരിയെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ജമ്മുകാശ്മീര്‍ ബാരമുല്ല ജില്ലയിലാണ് ക്രൂരത. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും പിതാവിന്റെ ആദ്യഭാര്യയും അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 23നാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച അടുത്തുള്ള കാട്ടുപ്രദേശത്ത് കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള ഇയാളുടെ രണ്ടാം ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന് രണ്ടാം ഭാര്യയോടും മകളോടുമുള്ള സ്നേഹക്കൂടുതല് കാരണം കൊലപാതകം താന്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് ആദ്യഭാര്യ പൊലീസിനോട് പറഞ്ഞു. ഇവരുടെ 14കാരനായ മകനെ ഇതിനായി ഒപ്പം കൂട്ടുകയായിരുന്നു. കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അടുത്തുള്ള കാട്ടുപ്രദേശത്ത് എത്തിച്ച യുവതി മകനും കൂട്ടുകാര്‍ക്കും വിട്ടുകൊടുക്കുകയായിരുന്നു.
അമ്മയുടെ മുന്നില്‍ വെച്ചാണ് മകനും കൂട്ടുകാരും ചേര്‍ന്ന് കുട്ടിയെ ക്രൂര പീഢനങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയാക്കിയത്. തലയില്‍ മഴു ഉപയോഗിച്ച് അടിച്ച് പരിക്കേല്പിക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതിന്റെയും ആസിഡ് ഒഴിച്ച് പൊള്ളിച്ചതിന്റെയും പാടുകളുണ്ട്. ഇതെല്ലാം ശരിവെക്കുന്നതാണ് പ്രാഥമിക ഫോറൻസിക് വിശകലനം. കുട്ടിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നു.
കൊലപാതകം അന്വേഷിക്കുന്നതിനായി പൊലീസ് സൂപ്രന്ഡിനന്റിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.