കരുത്തറിയിച്ച് അഴഗിരി; ആയിരങ്ങൾ റാലിക്കെത്തി
മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയുടെ സമാധിയിലേക്ക് എം.കെ. അഴഗിരിയുടെ നേതൃത്വത്തിൽ മൌന റാലി നടത്തി. കരുണാനിധിയുടെ മുപ്പതാം ചരമദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്.
ഡിഎംകെയിൽ തിരിച്ചെത്തുന്നതിനുള്ള അഴഗിരിയുടെ ശ്രമത്തിന്‍റെ ഭാഗം കൂടിയായിരുന്നു റാലി. ട്രിപ്ലിക്കനിൽ നിന്നും രാവിലെ പത്തിന് യാത്ര ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ വിചാരിച്ച രീതിയിൽ ആളുകൾ എത്താത്തതിനാൽ ഒന്നര മണിക്കൂർ വൈകി യാത്ര തുടങ്ങി.
പന്ത്രണ്ടരയോടെ കരുണാനിധി സമാധിയിൽ എത്തി. റാലി കടന്നു വന്ന രണ്ടര കിലോമീറ്റർ ദൂരത്തിൽ റോഡരികിലും ആളുകളുണ്ടായിരുന്നു. കൂടുതൽ പേരും മധുരയിൽ നിന്നുള്ളവരായിരുന്നു. പ്രഖ്യാപിച്ച ആളുകൾ പങ്കെടുത്തില്ലെങ്കിലും തന്റെ സ്വാധീന മേഖലയായ തെക്കൻ തമിഴ്‌നാട്ടിൽ, ഇനിയും പലതും ചെയ്യാൻ സാധിക്കുമെന്ന് അഴഗിരി റാലിയിലൂടെ ബോധ്യപ്പെടുത്തി.
പാർട്ടിയിൽ തിരിച്ചെടുത്താൽ എം.കെ. സ്റ്റാലിന് കീഴിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് അഴഗിരി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കരുണാനിധി പുറത്താക്കിയ ആരെയും തിരിച്ചെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സ്റ്റാലിൻ.