കൂടുതല്‍ പെട്രോളടിച്ചാല്‍ ബൈക്കും വാഷിംഗ് മെഷീനും; ആകര്‍ഷക സമ്മാനങ്ങളുമായി പമ്പുടമകള്‍

5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്കാണ് ചില പമ്പുകളില്‍ മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവ സമ്മാനമായി നല്‍കുന്നത്.

Update: 2018-09-13 06:00 GMT
Advertising

ഇന്ധനവില അനുദിനം കൂടിക്കൊണ്ടിരിക്കെ ഒന്നെടുത്താല്‍ ഒന്ന് എന്ന തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍. ഉയര്‍ന്ന നികുതി ചുമത്തുന്ന മധ്യപ്രദേശിലെ പമ്പുടമകളാണ് അന്തര്‍സംസ്ഥാന വാഹനങ്ങളെ ആകര്‍ഷിക്കാന്‍ ഓഫറുമായി എത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ചുമത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

അതിര്‍ത്തി കടന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലുമടിക്കുന്ന ഈ വാഹനങ്ങളെ പിടിച്ചു നിര്‍ത്താന്‍ എ.സി,ടി.വി,വാഷിങ്‌മെഷീന്‍,ബൈക്ക്,ലാപ്പ്‌ടോപ്പ്, തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് പെട്രോള്‍ പമ്പുടമകള്‍ സമ്മാനമായി നല്‍കുന്നത്. പക്ഷെ കൂടിയ അളവില്‍ പെട്രോള്‍ അടിക്കണമെന്ന് മാത്രം.

100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍ക്ക് സൗജന്യമായി പ്രഭാതഭക്ഷണവും ചായയും നല്‍കുമെന്ന് പമ്പുടമയായ അന്‍ജു ഖണ്ഡേല്‍വാല്‍ പറയുന്നു. 5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്കാണ് ചില പമ്പുകളില്‍ മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവ സമ്മാനമായി നല്‍കുന്നത്. 15000 ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് സോഫ സെറ്റ്, 100 ഗ്രാം വെള്ളി നാണയം എന്നിവയും ലഭിക്കും. 25000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക്ക് വാഷിങ് മെഷിനാണ് സമ്മാനം. 50000 ലിറ്റര്‍ ഡീസലടിക്കുന്നവര്‍ക്ക് എ.സി, ലാപ്പ്‌ടോപ്പ് എന്നിവയും ലഭിക്കും. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബംമ്പര്‍ സമ്മാനമായി സ്‌കൂട്ടര്‍/ബൈക്കും പമ്പുടമകള്‍ വാഗ്ദാനം ചെയ്യുന്നു.

തൊട്ടടുത്ത സംസ്ഥാനത്തെ ഡീസല്‍ വിലയെക്കാള്‍ അഞ്ചു രൂപയോളം കൂടുതലുള്ളതിനാല്‍ മധ്യപ്രദേശിലെ അശോക്‌നഗര്‍, ശിവപുരി എന്നീ അതിര്‍ത്തി ജില്ലകളിലെ 125 പമ്പുകളില്‍ വില്‍പന വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് പെട്രോള്‍ പമ്പ് ഉടമസ്ഥനായ മനോജ് അരോറ പറയുന്നു. മധ്യപ്രദേശില്‍ ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മൂല്യ വര്‍ധിത നികുതി. അധിക നികുതിയില്‍ ഇളവുവരുത്തി ഇന്ധന വില സര്‍ക്കാര്‍ കുറയ്ക്കണമെന്നാണ് പമ്പുടമകളുടെ ആവശ്യം.

Tags:    

Similar News