ക്ഷേത്രങ്ങളിലെ സ്വര്‍ണം കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗിക്കണമെന്ന് ബി.ജെ.പി എം.പി
പത്മനാഭ സ്വാമി ക്ഷേത്രത്തിലെയും ഗുരുവായൂര്‍ അമ്പലത്തിലെയും സ്വര്‍ണത്തിന്റെ മൂല്യം ഒരു ലക്ഷം കോടിയിലധികം വരും. ഇത് പുതിയൊരു കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തണം.
പ്രളയം തകര്‍ത്ത കേരളം പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിക്കണമെന്ന് ബി.ജെ.പി എം.പി ഉദിത് രാജ്. കേരളത്തിലെ പ്രധാന അമ്പലങ്ങളായ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണത്തിന്റെ മൂല്യം ഒരു ലക്ഷം കോടിയിലധികം വരും. ഇത് പുതിയൊരു കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തണം. ജനങ്ങള്‍ മരിക്കുകയും കരയുകയും ചെയ്യുമ്പോള്‍ ഈ സ്വത്ത് കൊണ്ട് പിന്നെ എന്ത് ഉപയോഗമാണുള്ളതെന്നും ഉദിത് രാജ് ട്വീറ്റ് ചെയ്തു.
വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുളള ലോക് സഭാംഗമാണ് ഉദിത് രാജ്. ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി,എസ്.ടി ഓര്‍ഗനൈസേഷന്റെ ദേശീയ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.
കഴിഞ്ഞ മാസം താണ്ഡവമാടിയ പ്രളയത്തില്‍ നാനൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പ്രളയത്തേയും തൽഫലമായുണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വെള്ളപ്പൊക്കത്തെ തുടർന്ന് ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി നിരവധി സഹായ വാഗ്ദാനങ്ങളാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.