യുവതിയെ ദയാരഹിതമായി മര്‍ദ്ദിച്ചു: രാജ്നാഥ് സിങിന്‍റെ ഉത്തരവിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ അറസ്റ്റില്‍

ഡല്‍ഹി പൊലീസ് ഓഫീസറിന്‍റെ മകനായ രോഹിത് സിങ് തോമാര്‍ സംഭവത്തില്‍ അറസ്റ്റിലായി

Update: 2018-09-14 11:05 GMT
Advertising

ദയാരഹിതമായ രീതിയില്‍ ഡല്‍ഹിയിലെ ഓഫീസില്‍ വച്ച് ഒരു യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചാ വിഷയമായിരുന്നു. ഇത് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍റെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഉടനെ തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഡല്‍ഹി പൊലീസ് ഓഫീസറിന്‍റെ മകനായ രോഹിത് സിങ് തോമാര്‍ സംഭവത്തില്‍ അറസ്റ്റിലായി. യുവതിയെ തന്നാല്‍ കഴിയുന്ന രീതിയില്‍ വേദനിപ്പിക്കുകയും വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. രോഹിത്തിന്‍റെ സുഹൃത്താണ് വീഡിയോ ചിത്രീകരിക്കുന്നത്. മര്‍ദ്ദനം അവസാനിപ്പിക്കാന്‍ വീഡിയോ ചിത്രീകരിക്കുന്ന സുഹൃത്ത് പറയുന്നുണ്ടെങ്കിലും അതിനായി യാതൊരു ശ്രമവും നടത്തുന്നില്ല.

ഡല്‍ഹി ഉത്തം നഗറിലെ സ്വകാര്യ ഓഫീസില്‍ വച്ചാണ് സംഭവം. യുവതി രോഹിത്തിനെതിരെ പീഢനത്തിന് പരാതി നല്‍കി.

പീഢനത്തിനിരയായ യുവതി പോലും രംഗത്ത് വരാതിരുന്ന സമയത്ത് രോഹിത്തിന്‍റെ ഭാവി വധു എന്ന് വിശ്വസിക്കുന്ന ഒരു പെണ്‍കുട്ടിയാണ് വീഡിയോക്കെതിരെ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന ഇന്ന് മര്‍ദ്ദനത്തിനിരയായ യുവതി പൊലീസില്‍ പരാതിപ്പെട്ടു. രോഹിത് തന്നെ പീഢനത്തിനിരയാക്കിയെന്നും പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

Tags:    

Similar News