വിജയ് മല്യക്കെതിരായ ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് മോദിയുടെ ബന്ധുവായ അശോക് ശര്‍മ്മ- രാഹുല്‍ ഗാന്ധി

നീരവ് മോദിക്കും, മെഹുല്‍ ചോക്സിക്കും രാജ്യം വിടാന്‍ സാഹായം ചെയ്തതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട ഉദ്യോഗസ്ഥനായ അശോക് ശര്‍മയാണെന്ന് രാഹുല്‍ ആരോപിച്ചു

Update: 2018-09-15 10:34 GMT
Advertising

വ്യവസായി വിജയ് മല്യക്കെതിരായ ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ അശോക് ശര്‍മയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീരവ് മോദിക്കും, മെഹുല്‍ ചോക്സിക്കും രാജ്യം വിടാന്‍ സാഹായം ചെയ്തതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട ഉദ്യോഗസ്ഥനായ അശോക് ശര്‍മയാണെന്ന് രാഹുല്‍ ആരോപിച്ചു. മാറ്റം വരുത്തിയ ലുക്കൌട്ട് നോട്ടീസില്‍ ഒപ്പ് വെച്ചത് അശോക് ശര്‍മയാണെന്നും, ഇക്കാര്യം അന്നത്തെ സിബിഐ തലവന്‍ അനില്‍ സിന്‍ഹക്ക് അറിയില്ലായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

2015 ഒക്ടോബര്‍ പതിനാറിനാണ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്ന് നിര്‍ദേശിച്ചുള്ള ലുക്കൌട്ട് നോട്ടീസ് സി.ബി.ഐ പുറത്തിറക്കിയത്. ഒക്ടോബര്‍ 24ന് ഇത് ദുര്‍ബലപ്പെടുത്തി പുതിയ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. ഇതിന്‍റെ ആനുകൂല്യത്തില്‍ മല്യ രാജ്യം വിടുകയും ചെയ്തു. ഇത്തരത്തില്‍ ലൂക്കൌട്ട് നോട്ടീസ് മാറ്റിയ കാര്യം അന്നത്തെ സി.ബി.ഐ തലവന്‍ അനില്‍ സിന്‍ഹയെയോ ബാങ്കുകളെയോ അറിയിച്ചിട്ടില്ലെന്ന് സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് പിന്നാലെയാണ് ഗുജറാത്ത് കേഡര്‍ ഓഫീസറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധവുമുള്ള സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ അശോക് ശര്‍മ സിബിഐ തലവനെപ്പോലും അറിയിക്കാതെ ലുക്കൌട്ട് നോട്ടീസ് ലഘൂകരിച്ചതെന്ന ആരോപണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളായ നീരവ് മോദിയും മെഹൂള്‍ ചോസ്കിയും രാജ്യം വിട്ടതും എ.കെ ശര്‍മയുടെ സഹായത്താലാണെന്നും രാഹുല്‍ ആരോപിച്ചു. അറുപത് കോടിക്ക് മുകളിലുള്ള സാന്പത്തിക തട്ടിപ്പ് കേസുകളില്‍ ലൂക്കൌട്ട് നോട്ടീസില്‍ മാറ്റം വരുത്താന്‍ ഒരു ജോയിന്റ് ഡയറക്ടര്‍ക്കും അധികാരമില്ല. പിന്നെങ്ങനെ സി.ബി.ഐ തലവനറിയാതെ അശോക് ശര്‍മ മല്യക്കെതിരായ ദുര്‍ബലപ്പെടുത്തിയ ലുക്കൌട്ട് നോട്ടീസില്‍ ഒപ്പുവെച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

Tags:    

Similar News