‘ഇനി മുതൽ പശുക്കൾ തമിഴിലും സംസ്‌കൃതത്തിലും സംസാരിക്കും’: പരീക്ഷണം വിജയിച്ചെന്ന് സ്വാമി നിത്യാനന്ദ
പശുക്കളെ കൊണ്ട് തമിഴിലും സംസ്‌കൃതത്തിലും സംസാരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ. പശുക്കൾക്ക് പുറമെ കുരങ്ങുകളെയും സിംഹങ്ങളെയുമൊക്കെ ഇത്തരത്തിൽ സംസാരിപ്പിക്കാൻ കഴിയുമെന്നും ഇതിനായി താൻ നിർമ്മിച്ച സോഫ്ട്‍വെയറിന്റെ പരീക്ഷണം വിജയമായിരുന്നെന്നും നിത്യാനന്ദ അവകാശപ്പെട്ടു.
സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് നിത്യാനന്ദ വിചിത്രമായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നത്. നിത്യാനന്ദയുടെ വാക്കുകൾ ശ്രോതാക്കൾ കയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.
നമുക്കുള്ള ചില ആന്തരിക അവയവങ്ങൾ കുരങ്ങുകൾക്കും മറ്റു ചില മൃഗങ്ങൾക്കും ഇല്ല. എന്നാൽ, മാനുഷിക ബോധമണ്ഡലത്തിന് അതീതമായ ഒരു പ്രവർത്തനത്തിലൂടെ അവയുടെ ഉള്ളിൽ ഈ അവയവങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിക്കും. ശാസ്ത്രീയ പരിശോധനയിലൂടെയും ഗവേഷണങ്ങളിലൂടെയും ഞാനത് തെളിയിക്കും
"നമുക്കുള്ള ചില ആന്തരിക അവയവങ്ങൾ കുരങ്ങുകൾക്കും മറ്റു ചില മൃഗങ്ങൾക്കും ഇല്ല. എന്നാൽ, മാനുഷിക ബോധമണ്ഡലത്തിന് അതീതമായ ഒരു പ്രവർത്തനത്തിലൂടെ അവയുടെ ഉള്ളിൽ ഈ അവയവങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിക്കും. ശാസ്ത്രീയ പരിശോധനയിലൂടെയും ഗവേഷണങ്ങളിലൂടെയും ഞാനത് തെളിയിക്കും,"സ്വാമി നിത്യാനന്ദ വീഡിയോയിൽ പറയുന്നു.
താൻ വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയർ വഴിയാണ് ഇത് സാധിക്കുക എന്നാണ് സ്വാമി നിത്യാനന്ദ പറയുന്നത്. താൻ ഇന്നലെ ഈ സോഫ്റ്റ്‌വെയർ പരീക്ഷിച്ചു നോക്കിയെന്നും അത് വിജയകരമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.