ചുമയ്ക്കുള്ള സിറപ്പ് ലഹരി; വാര്‍ഡനെ വെടിവെച്ചുകൊന്ന് 5 കൌമാരക്കാര്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു
ബിജേന്ദ്ര കുമാര്‍ എന്ന വാര്‍ഡനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റൊരാള്‍ ജൂവനൈല്‍ഹോമിലെ അന്തേവാസിയായ 17കാരനാണ്. ബിഹാറിലെ പുര്‍ണിയ നഗരത്തിലെ ജൂവനൈല്‍ ഹോമിലാണ് സംഭവം.
സുഹൃത്തിനെയും വാര്‍ഡനെയും വെടിവെച്ചുകൊന്നശേഷം ജുവനൈല്‍ ഹോമില്‍ നിന്ന് അഞ്ചു കുട്ടികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടത് ജുവനൈല്‍ ഹോമിലെ മുതിര്‍ന്ന കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ പുര്‍ണിയ നഗരത്തിലെ ജൂവനൈല്‍ ഹോമിലാണ് സംഭവം. പാട്നയില്‍ നിന്ന് 325 കിലോമീറ്റര്‍ മാറിയാണ് ഈ ജുവനൈല്‍ ഹോം ഉള്ളത്.
ബിജേന്ദ്ര കുമാര്‍ എന്ന വാര്‍ഡനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റൊരാള്‍ ജൂവനൈല്‍ഹോമിലെ അന്തേവാസിയായ 17കാരനാണ്. ജനതാദള്‍ യുണൈറ്റഡിന്റെ പ്രാദേശിക നേതാവിന്റെ മകനാണ് രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍. മറ്റൊരു കുട്ടി നേരത്തെ തന്നെ ഒരു ഡസനിലധികം കേസുകളില്‍ പ്രതിയായി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളുമാണ്. കുട്ടികള്‍ക്ക് ജുവനൈല്‍ ഹോമിനുള്ളിലേക്ക് തോക്ക് കിട്ടിയത് എങ്ങനെയാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജുവനൈല്‍ഹോമില്‍ നടന്ന പരിശോധനക്കിടെ ചുമയ്ക്കുള്ള മരുന്ന് കണ്ടെത്തിയിരുന്നു. അസുഖബാധിതരല്ലാത്ത കുട്ടികള്‍ ചുമയ്ക്കുള്ള മരുന്ന് ഉപയോഗിക്കുന്നത് ലഹരിയ്ക്കാണെന്ന് മനസ്സിലാക്കിയ വാര്‍ഡന്‍ കുട്ടികളെ ചോദ്യം ചെയ്തിരുന്നു. ഇത് രക്ഷപ്പെട്ട കുട്ടികളും വാര്‍ഡനും തമ്മില്‍ വാക്‍തര്‍ക്കത്തിന് കാരണമായി.
തുടര്‍ന്ന് ബിജേന്ദ്ര കുമാര്‍ ലോക്കല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിച്ച് കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജേന്ദ്ര കുമാറിന്റെ ആവശ്യം ബുധനാഴ്ച അധികൃതര്‍ അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്നാണ് ബിജേന്ദ്ര കുമാറിനെയും 17കാരനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികള്‍ രക്ഷപ്പെട്ടത്.
ചുമയ്ക്കുള്ള മരുന്ന് ഒളിച്ചു വെച്ച സ്ഥലം വാര്‍ഡന് കാണിച്ചു കൊടുത്തത് സുഹൃത്താണെന്ന സംശയത്തെ തുടര്‍ന്നാണ് പതിനേഴുകാരനെ ഇവര്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി ഗേറ്റ് തുറപ്പിച്ചാണ് ഇവര്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായി പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട കൌമാരക്കാരെ പിടിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.