മോദിയെ സമാധാന നൊബേല്‍ പുരസ്കാരത്തിന് ‘നോമിനേറ്റ്’ ചെയ്തെന്ന് ബി.ജെ.പി

ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ലോകത്തിലെ തന്നെ വലിയ പദ്ധതിയാണെന്നും ഈ പദ്ധതി ചൂണ്ടിക്കാട്ടിയാണ് താന്‍ മോദിയെ നൊബേല്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തതെന്നും തമിഴിസൈ വ്യക്തമാക്കി

Update: 2018-09-24 16:41 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേല്‍ സമാധാന പുരസ്കാരത്തിന് താന്‍ നോമിനേറ്റ് ചെയ്തെന്ന് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൌന്ദര്‍രാജന്‍. ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ലോകത്തിലെ തന്നെ വലിയ പദ്ധതിയാണെന്നും ഈ പദ്ധതി ചൂണ്ടിക്കാട്ടിയാണ് താന്‍ മോദിയെ നൊബേല്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തതെന്നും തമിഴിസൈ വ്യക്തമാക്കി. തന്റെ ഭര്‍ത്താവും നെഫ്രോളജി വിദഗ്ധനുമായ സൌന്ദര്‍രാജനും മോദിയെ നൊബേല്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തെന്ന് തമിഴിസൈ പറഞ്ഞു. വാര്‍ത്താകുറിപ്പിലൂടെയാണ് ബി.ജെ.പി തമിഴ്നാട് ഘടകം ഇക്കാര്യം വ്യക്തമാക്കിയത്.

കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്നതാണ് ആയുഷ്മാന്‍ ആരോഗ്യ പദ്ധതിയെന്ന് തമിഴിസൈ അവകാശപ്പെട്ടു. അതിനാല്‍ 2019ലെ നൊബേല്‍ സമാധാന പുരസ്കാരത്തിന് പരിഗണിക്കണമെന്നാണ് തന്റെ അഭിപ്രായം. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യക്ക് തുല്യമായ ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും തമിഴിസൈ പറഞ്ഞു.

എല്ലാ വര്‍ഷവും സെപ്തംബറിലാണ് നൊബേല്‍ പുരസ്കാരത്തിനുള്ള നോമിനേഷന്‍ ആരംഭിക്കുക. ജനുവരി ഒന്ന് വരെ നോമിനേഷന്‍ നല്‍കാം. യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍, മുന്‍ വര്‍ഷങ്ങളിലെ പുരസ്കാര ജേതാക്കള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നോമിനേറ്റ് ചെയ്യാം. യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരും പാര്‍ലമെന്റ് അംഗങ്ങളുമെല്ലാം മോദിയെ നോമിനേറ്റ് ചെയ്യണമെന്ന് തമിഴിസൈ അഭ്യര്‍ഥിച്ചു.

Tags:    

Similar News