ഇന്ധന വിലവർധന തുടരുന്നു; മുംബൈയില്‍ പെട്രോളിന് 90.22 രൂപ

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ രാജ്യത്ത് ഇന്ധന വിലവര്‍ധന കുത്തനെയാണ് ഉയരുന്നത്.വിലക്കയറ്റം തടയുന്നതിന് കേന്ദ്ര സർക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Update: 2018-09-25 06:21 GMT
Advertising

രാജ്യത്തെ പല ഭാഗങ്ങളില്‍ ഇന്ധന വിലവർധന ചൊവ്വാഴ്ച രാവിലെയും കൂടിയ നിരക്കിലെത്തി‍. പെട്രോള്‍ വില ലിറ്ററിന് 82.86 രൂപയും ഡീസൽ 74.12 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.22 രൂപയും ഡീസലിന് 78.69 രൂപയുമായി. ഇന്നലെ വരെ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 82.72 രൂപയും 74.02 രൂപയും ആയിരുന്നു ഇത്.

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്, സെപ്റ്റംബർ 11ന് പശ്ചിമ ബംഗാൾ ഗവൺമെന്റ് പെട്രോൾ, ഡീസൽ വിലയുടെ എകൈ്സസ് നികുതിയില്‍ ലിറ്ററിന് ഒരു രൂപ കുറച്ചിരുന്നു. സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വിലയില്‍ ലിറ്ററിന് രണ്ട് രൂപ കുറക്കുമെന്ന് കർണാടക സർക്കാറും പ്രഖ്യാപിച്ചിരിക്കുന്നു. സെസില്‍ കുറവ് വരുത്തിയാവും കര്‍ണാടക ഈ വിലക്കുറവ് നടപ്പിലാക്കുക.

ഇന്ത്യയിലെ ഇന്ധന വിലനിർണ്ണയ സമ്പ്രദായം അനുസരിച്ച്, അന്താരാഷ്ട്ര ഇന്ധനവിലയുടെ 15 ദിവസത്തെ ശരാശരിയെയും ഇന്ത്യൻ രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ആഭ്യന്തര ഇന്ധന വില തീരുമാനിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ രാജ്യത്ത് ഇന്ധന വിലവര്‍ധന കുത്തനെയാണ് ഉയരുന്നത്.

വിലക്കയറ്റം തടയുന്നതിന് കേന്ദ്ര സർക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം ആഗോള ക്രൂഡ് ഓയിൽ വിലയും മറ്റ് അന്താരാഷ്ട്ര ഘടകങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിന് കാരണമാകുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

Tags:    

Similar News