‘ദേശീയസുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ പുറത്ത് നല്‍കരുത്’ പൗരനെ നിരീക്ഷിക്കാനുള്ള ഭരണകൂട താല്‍പര്യത്തിന് തിരിച്ചടി

ഉപയോഗം പരിമതപ്പെടുത്തി ആധാറിന് അനുമതി നല്‍കുമ്പോഴും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ദുരപയോഗം ചെയ്യുന്നതിനെ ഗൌരവതരമായി തന്നെ സുപ്രിം കോടതി സമീപിക്കുന്നു.

Update: 2018-09-26 08:33 GMT
Advertising

ഭരണകൂടത്തിന് ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടുന്നതിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.‌ രാജ്യസുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അനുമതി നല്‍കുന്നതും, വ്യക്തിയുടെ വാദം കേള്‍ക്കാതെ വിവരങ്ങള്‍ നല്‍കാന്‍ കോടതികള്‍ ഉത്തരവിടുന്നതും നിയമവിരുദ്ധമാണെന്ന് ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി പറയുന്നു. ഇതോടെ പൌരനെ നീരീക്ഷണത്തില്‍ നിര്‍ത്താനുള്ള ഉപാധിയായി ആധാറിനെ ഉപയോഗിക്കാനുള്ള ഭരണകൂട താല്‍പര്യമാണ് കോടതി ഇല്ലാതാക്കിയത്.

ഉപയോഗം പരിമതപ്പെടുത്തി ആധാറിന് അനുമതി നല്‍കുമ്പോഴും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ദുരപയോഗം ചെയ്യുന്നതിനെ ഗൌരവതരമായി തന്നെ സുപ്രിം കോടതി സമീപിക്കുന്നു. ഇതിന്റ ഭാഗമായാണ് ദേശീയ സുരക്ഷയുടെ ഭാഗമായിപ്പോലും ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടുന്നതിനെ കോടതി എതിര്‍ക്കുന്നത്. ഇതിന് അനുമതി നല്‍കുന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2) കോടതി റദ്ദാക്കി.

ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന സെക്ഷന്‍ 33 (1) കോടതി ലഘൂകിരിച്ചു. ഇത്തരത്തില്‍ ഉത്തരവിടുന്നതിന് മുമ്പ് വ്യക്തിയുടെ വാദം കോടതി നിര്‍ബന്ധമായും കേട്ടിരിക്കണം. ആധാര്‍ വിവരങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളിലേക്കും സ്വകാര്യ ഏജന്‍സികളിലേക്കുമെത്തിക്കാന്‍ കരണമായേക്കാവുന്ന സെക്ഷന്‍ 57ഉം ജസ്റ്റിസ് എ.കെ സിക്രി പുറപ്പെടുവിച്ച ഭൂരിപക്ഷ വിധി റദ്ദാക്കി.

ആധാര്‍ വിവരങ്ങള്‍ ചോരുന്നതിനെ ചോദ്യം ചെയ്ത് യുഎഡിഐക്ക് മാത്രമേ കോടതികളെ സമീപിക്കാന്‍ കഴിയൂ എന്നും, രേഖകള്‍ ചോര്‍ന്ന വ്യക്തിക്ക് കഴിയില്ലെന്നും പറയുന്ന സെക്ഷന്‍ 47 കോടതി റദ്ദാക്കി. ഈ നടപടികളിലൂടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാനുള്ള ഭരണകൂടത്തിന്റെയും, സ്വകാര്യ കമ്പനികളുടെയും താല്‍പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ് കോടതി നല്‍കിയത്.

Tags:    

Similar News