ഇനിയും അവസാനിക്കാതെ ആധാറിലെ രാഷ്ട്രീയപോരും നിയമപോരാട്ടവും
സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ മുഖത്തടി എന്ന് കോണ്‍ഗ്രസ്
സുപ്രീംകോടതി ഭരണഘടന ബഞ്ച് വിധി പറഞ്ഞെങ്കിലും ആധാറില്‍ രാഷ്ട്രീയ പോരും നിയമപോരാട്ടവും ഉടനവസാനിക്കില്ല. ആധാര്‍ നിയമം സര്‍ക്കാര്‍ ധനബില്ലായി പാസാക്കിയത് സുപ്രീംകോടതി ശരിവച്ചതിനെതിരെ കോണ്‍ഗ്രസ്സ് രംഗത്തെത്തി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ ധാരണ ആയെന്ന് കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, വിധി തങ്ങളുടെ വിജയമാണെന്ന് ഭരണ-പ്രതിപക്ഷം ഒരുപോലെ അവകാശപ്പെടുകയാണ്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കം അധാറില്‍ യു.പി.എ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ആണ് സുപ്രീംകോടതി പ്രധാനമായും അംഗീകരിച്ചത്. സ്വകാര്യ കന്പനികള്‍ക്ക് ആധാര്‍ വിവരം അനുവദിക്കുന്നതുള്‍പ്പെടെ മോദീ സര്‍ക്കാര്‍ കാലത്തുണ്ടാക്കിയ പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ മുഖത്തടി എന്ന് കോണ്‍ഗ്രസ് പറയുന്നു.
പക്ഷേ ആധാര്‍ നിയമത്തിനുള്ള ബില്‍ ധനബില്ലായി അവതരിപ്പിച്ചത് പാര്‍ലമെന്‍റ് നടപടികളെയും കീഴ്‍വഴക്കങ്ങളെയും അട്ടിമറിക്കുന്നതാണ്. എന്നിട്ടും ഈ നടപടി സുപ്രീം കോടതി ശരിവെച്ചത് ഉചിതമായില്ലെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഇനി ആധാര്‍ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ലെങ്കില്‍ തീര്‍ച്ചയായും സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ പറഞ്ഞു.
ലോക്സഭ അടക്കം നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ സുപ്രീം കോടതി ആധാറിനെ അംഗീകരിക്കുകയും അതിന്റെ നിയമനിര്‍മ്മാണത്തെ പിന്തുണക്കുകയും ചെയ്തത് സര്‍ക്കാരിന് ആശ്വാസമാണ്. പക്ഷേ നിയമത്തില്‍ പ്രധാനപ്പെട്ട വകുപ്പുളെല്ലാം റദ്ദാക്കിയതോടെ മോദി സര്‍ക്കാര്‍ കാലത്തെ ആധാറിന്റെ ചിറകരിയുകയായിരുന്നു കോടതി. ഇതിനെ നിയമപരമായി മറികടക്കാന്‍ സര്‍ക്കാരും ഇനി തയ്യാറാകുമോ എന്ന ചോദ്യവും പ്രസക്തം.