വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല; ഐപിസി 497 റദ്ദാക്കി 

ഐപിസി 497 സുപ്രീം കോടതി റദ്ദാക്കി. വിവാഹജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണുള്ളതെന്നും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലമല്ലെന്നും കോടതി നിരീക്ഷിച്ചു.

Update: 2018-09-27 07:36 GMT
Advertising

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീ കോടതി. ഐപിസി 497 സുപ്രീം കോടതി റദ്ദാക്കി. വിവാഹേതരബന്ധത്തില്‍ സ്ത്രീയെ ഇരയായി കണക്കാക്കുന്ന ഐ.പി.സി 497 ആം വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

വിവാഹജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണുള്ളതെന്നും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലമല്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണെന്നും സ്ത്രീയുടെ അധികാരി ഭർത്താവല്ലെന്നും വിധിപ്രസ്താവത്തിനിടെ ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

158 വര്‍ഷത്തെ പാരമ്പര്യമുള്ള ഐപിസി 497 ഭരണഘടാവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കയാണ് സുപ്രീം കോടതി. ചരിത്രപ്രധാനമായ വിധിയാണിത്. സ്ത്രീക്ക് പുരുഷനെപ്പോലെ തുല്യ അവകാശമുണ്ട്. ആ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുക തന്നെ വേണം. ഭര്‍ത്താവ് ഒരിക്കലും ഭാര്യയുടെ യജമാനനല്ല. അത് നമ്മുടെ സംവിധാനത്തിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. തുല്യതയെന്ന അവകാശത്തെ ലംഘിക്കുന്ന ഒന്നും ഭരണഘടനയുടെ ഭാഗമായി കാണാന്‍ കഴിയില്ല. ഐ.പി.സി 497 വകുപ്പ് മൌലികഅവകാശങ്ങളുടെ ലംഘനമായി വേണം കണക്കാക്കാനെന്നും, അതുകൊണ്ടു തന്നെ അത് റദ്ദാക്കുകയാണെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 198ാം വകുപ്പും റദ്ദാക്കി.

രാജ്യത്ത് ലിംഗഭേദമില്ലാതെ തുല്യത ഉറപ്പാക്കുന്നതിനുള്ള സുപ്രീകോടതിയുടെ ചരിത്രപ്രധാന്യമുള്ള ഇടപെടലാണ് ഈ വിധി. ഐ.പി.സി 497 വകുപ്പ് പ്രകാരം നിലവില്‍ പുരുഷന്‍ മാത്രമാണ് വിവാഹേതരബന്ധത്തില്‍ കുറ്റവാളിയാകുന്നത്. എന്നാല്‍ ഒരു സ്ത്രീക്ക് വിവാഹേതര ബന്ധത്തില്‍ ഭാഗമാകുന്നതിനെ വിലക്കുകയും, അങ്ങനെ ഒരു ബന്ധത്തിന്റെ ഭാഗമാകണമെങ്കില്‍ ഭര്‍ത്താവിന്റെ അനുവാദം വേണമെന്നുമായിരുന്നു ഐ.പി.സി 497 വകുപ്പിലെ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെയാണ് ഈ വകുപ്പ് സ്ത്രീയെ പുരുഷന്റെ അടിമയായി വിവക്ഷ ചെയ്യുന്ന വകുപ്പാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചത്. സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ല. സമൂഹം ആഗ്രഹിക്കുന്ന പോലെ സ്ത്രീക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി എടുത്ത് പറഞ്ഞു.

ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയിലെ 21 ആം അനുച്ഛേദമായും ഐ.പി.സി 497 പൊരുത്തപ്പെടുന്നില്ല. വിവാഹേതര ബന്ധം വിവാഹമോചനത്തിന്റെ കാരണമാകാം. പക്ഷേ ക്രിമിനല്‍ കുറ്റമല്ല. വിവാഹേതര ബന്ധത്തില്‍ പങ്കാളി ജീവനൊടുക്കിയാല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാപ്രേരണക്ക് കേസെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

497 ആം വകുപ്പ് റദ്ദാക്കിയാല്‍ ദാമ്പത്യ എന്ന് സങ്കല്‍പം തന്നെ താറുമാറാകുമെന്നും വിവാഹേതരബന്ധ പൊതുകുറ്റകൃത്യമാണെന്നും കേന്ദ്രം വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല.

Full View

ഒരാള്‍ ജീവിത പങ്കാളിക്കൊപ്പം ഉറച്ച് നില്‍ക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിനാകില്ലെന്ന് അന്തിമവാദത്തിനിടെ നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നും ദാമ്പത്യത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണ് എന്നുമാണ് കേന്ദ്ര നിലപാട്. അതുകൊണ്ട് ഐ.പി.സി 497 ആം വകുപ്പ് അതേപടി നിലനിര്‍ത്തണം എന്നാണ് കേന്ദ്രം വാദിച്ചത്. എന്നാല്‍ പുരുഷനെ പോലെതന്നെ സ്ത്രീയേയും കുറ്റക്കാരിയാക്കാത്തത് ലിംഗസമത്വത്തിന് എതിരാണ് എന്ന് ഹര്‍ജിക്കാരനായ ഷൈന്‍ ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News