മിന്നലാക്രമണത്തിന് രണ്ടുവയസ്സ്
വാര്‍ഷികത്തിന് ത്രിദിന ആഘോഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷപരിപാടികള്‍ നടത്തണമെന്ന് യു.ജി.സിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് 2 വയസ്സ്. വാര്‍ഷികത്തിന് ത്രിദിന ആഘോഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷപരിപാടികള്‍ നടത്തണമെന്ന് യു.ജി.സിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നാം വാര്‍ഷിക ദിനത്തില്‍ കാര്യമായ ആഘോഷം നടത്താത്ത എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ നീക്കം ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നാണ് വിലയിരുത്തല്‍.
ജോദ്പൂര്‍ സേന കേന്ദ്രത്തില്‍ ത്രിദിന പ്രദര്‍ശനമായ പരാക്രം പര്‍വ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, കര-വ്യോമ- നാവികസേന മേധാവിമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ഇന്ത്യാഗേറ്റിലും പരിപാടി സംഘടിപ്പിച്ചിരുന്നു. പാകിസ്താനുമുന്നില്‍ സൈനിക ശക്തി തെളിയിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
യു.ജി.സി, സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മിന്നലാക്രമണ വാര്‍ഷികം ആചരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ബന്ധിത പരിപാടി ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയും പോഷക സംഘടനകളുടെയും തീരുമാനം.
ഇന്ത്യന്‍ സൈന്യത്തിന്റെ നേട്ടങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ആഘോഷത്തിന്റെ ഭാഗമായി നാവിക - വ്യോമ സേനകളുടെ പ്രത്യേക പരിപാടികളുമുണ്ട്.