യു.പിയില്‍ യോഗി മുഖ്യമന്ത്രിയായതിന് ശേഷം നടക്കുന്നത് ദിവസം ശരാശരി നാല് ഏറ്റുമുട്ടൽ; കുറ്റപത്രത്തില്‍ പോലും സമാനത
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം ഉത്തർപ്രദേശിൽ പൊലീസ് നടത്തിയത് 1500 ഏറ്റുമുട്ടലുകൾ. കൊല്ലപ്പെട്ടത് 66 പേർ. സാരമായി പരിക്കേറ്റു കഴിയുന്നവർ 700 പേരും.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം ഉത്തർപ്രദേശിൽ പൊലീസ് നടത്തിയത് 1500 ഏറ്റുമുട്ടലുകൾ. കൊല്ലപ്പെട്ടത് 66 പേർ. സാരമായി പരിക്കേറ്റു കഴിയുന്നവർ 700 പേരും. ദിവസം ശരാശരി നാല് ഏറ്റുമുട്ടൽ നടക്കുന്നു.
ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മീറത്ത്, ആഗ്ര, ബറേലി, കാൺപുർ എന്നീ മേഖലകളിലാണ് കൂടുതൽ ഏറ്റുമുട്ടലുകൾ നടക്കുന്നത്. എല്ലാ ഏറ്റുമുട്ടലുകൾക്കും പൊലീസ് തയാറാക്കുന്നത് സമാന കുറ്റപത്രം. ജങ്ഷനിൽ പൊലീസ് കാത്തുനിൽക്കുന്നു. തടഞ്ഞുനിർത്താൻ ശ്രമിക്കുമ്പോൾ പൊലീസിനുനേരെ വെടിയുതിർക്കുന്നു. ആത്മരക്ഷാർഥം തിരിച്ചു വെടിവെക്കുന്നു എന്നിങ്ങനെ. ഇത് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ സുപ്രീംകോടതിയെയും ദേശീയ മനുഷ്യാവകാശ കമീഷനെയും സമീപിച്ചതിനെ തുടർന്ന് സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും യു.പിയിൽ പൊലീസ് ഏറ്റുമുട്ടലുകൾ ദിനേന വ്യാപിക്കുകയാണ്.
അവസാനം ആപ്പിൾ കമ്പനി ജീവനക്കാരൻ വിവേക് തിവാരി കൊല്ലപ്പെട്ടതോടെയാണ് യോഗി ആദിത്യനാഥ് പ്രതിരോധത്തിലായത്. അധികാരം ലഭിച്ച ഉടനെ യോഗി പൊലീസിന് എല്ലാ സ്വാതന്ത്ര്യവും നൽകി. ‘ഓപ്പറേഷൻ ക്ലീൻ’ എന്ന പദ്ധതി തയാറാക്കിയാണ് പൊലീസ് ഏറ്റുമുട്ടലുകൾക്ക് തുടക്കമിട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റുമുട്ടലുകൾ വ്യാജമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവരുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു അന്ന് നിയമസഭയിൽ യോഗി ആദിത്യനാഥിന്റെ മറുപടി. ഏറ്റുമുട്ടലുകളിൽ പങ്കെടുത്ത മിക്ക പൊലീസുകാർക്കും സ്ഥാനക്കയറ്റവും പതിനായിരക്കണക്കിന് രൂപയുടെ റിവാർഡുമാണ് സർക്കാർ നൽകിയത്.