അഞ്ച് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 15ന് മുമ്പായി തെരഞ്ഞെടുപ്പ്
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12, 20 തിയ്യതികളില്‍ വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിലും മിസോറമിലും ഒറ്റ ഘട്ടമായി നവംബര്‍ 28നും രാജസ്ഥാനിലും തെലങ്കാനയിലും ഒറ്റ ഘട്ടമായി ഡിസംബര്‍ ഏഴിനുമാണ് വോട്ടെടുപ്പ്.
5 സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11ന് പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ രാഷ്ട്രീയപ്പോരാട്ടത്തിന് അങ്കത്തട്ടൊരുങ്ങിക്കഴിഞ്ഞു. രണ്ട് മാസത്തോളം നീണ്ട് നില്‍ക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ പതിനൊന്നിന് അഞ്ച് സംസ്ഥാനങ്ങളുടെ ജനവിധിയറിയാം.
സുപ്രിംകോടതി ഉത്തരവില്‍ പറയുന്നത് പോലെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ ഇലക്ട്രോണിക്-പത്ര മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു. തിയ്യതികള്‍ പ്രഖ്യാപിക്കുന്ന വാര്‍ത്ത സമ്മേളനം ഉച്ചക്ക് 12.30ല്‍ നിന്ന് വൈകീട്ട് മൂന്ന് മണിയിലേക്ക് മാറ്റിയത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്നും കമ്മീഷന്‍ പറഞ്ഞു.
ഈ അഞ്ച് സംസ്ഥാനങ്ങളില്‍ രാജ്യം ഉറ്റ് നോക്കുന്നത് മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കുമാണ്. 2013ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടിയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലേറിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ആകെയുള്ള 54 സീറ്റുകളില്‍ 52 ലും ബി.ജെ.പി ജയിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ഹിന്ദി ഹൃദയ ഭൂമിയില്‍ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പും നേതൃത്വവും അവശേഷിക്കുന്നതും ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ്. അതിനാല്‍, പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഷ്ടപ്പെടാനും നേടാനും ഏറെയുണ്ട് ബിജെപിക്കും കോണ്‍ഗ്രസിനും ഈ രണ്ട് സംസ്ഥാനങ്ങളില്‍.