ലൈംഗികാരോപണം; എം.ജെ അക്ബറിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയേക്കും
ബി.ജെ.പി രാജ്യസഭാംഗവും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ അക്ബറിനെതിരെ ലൈംഗീകാരോപണ വെളിപ്പെടുത്തലുമായി കൂടുതല്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത്. മീ ടു കാമ്പയിനിന്റെ ഭാഗമായാണ് വെളിപ്പെടുത്തലുകള്‍ . ആരോപണത്തിന്റെ പശ്ചാതലത്തില്‍ മന്ത്രി പദത്തില്‍ നിന്നും എം.ജെ അക്ബറിനെ നീക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ അക്ബര്‍ നടത്തിയ ലൈംഗീകാതിക്രമങ്ങളാണ് അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്.
ജോലിക്ക് അഭിമുഖത്തിനായും ജോലി വാഗ്ദാനം ചെയ്തും ഹോട്ടലിലേക്ക് വിളിപ്പിച്ചായിരുന്നു എം.ജെ അക്ബര്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതെന്നാണ് വെളിപ്പെടുത്തല്‍. 2017 ഒക്ടോബറില്‍ തന്നെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ലൈംഗീകാരോപണം ഉന്നയിച്ചിരുന്നെങ്കിലും എം.ജെ അക്ബറിന്റെ പേര് വെളിപ്പെടുത്തുന്നത് ഇപ്പോഴാണ്. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോള്‍ ലോബിയില്‍ ഇരിക്കാന്‍ വിസമ്മതിച്ച എം.ജെ അക്ബര്‍ റൂമിലേക്ക് ക്ഷണിച്ചെന്നും മദ്യപിച്ചതായും വെളിപ്പെടുത്തലുണ്ട്. തുടര്‍ന്ന് മറ്റ് നാല് പേരും സമാന അനുഭവം എം.ജെ അക്ബറില്‍ നിന്നും നേരിട്ടതായി വെളിപ്പെടുത്തി.
ടെലഗ്രാഫ്, ഏഷ്യന്‍ ഏജ്, സണ്‍ഡെ ഗാര്‍ഡിയന്‍ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി എം.ജെ അക്ബര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാമ്പയിനെതുടര്‍ന്നുള്ള വെളിപ്പെടുത്തലിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ രാഷ്ട്രീയ കാര്യ എഡിറ്റര്‍ പ്രശാന്ത് ജാ രാജിവച്ചിരുന്നു.
ഇതേ പത്രത്തിലെ റെസിഡന്റ് എഡിറ്ററായ കെ.ആര്‍ ശ്രീനിവാസനെതിരെ ഒന്നിലധികം യുവതികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഡി.എന്‍.എ എഡിറ്റര്‍ ഗൌതം അധികാരി ചുംബിച്ചതായും മാധ്യമ പ്രവര്‍ത്തക തുറന്ന് പറഞ്ഞിട്ടുണ്ട്.
നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലോടെയാണ് രണ്ടാം ഘട്ട മീ ടൂ കാമ്പയിന് പ്രചാരമേറിയത്.
നിലവില്‍ മാധ്യമ മേഖലയിലും തുറന്ന് പറച്ചില്‍ തുടരുകയാണ്.ഹാസ്യതാരം ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, സംവിധായകന്‍ വികാസ് ബാഹല്‍, നടന്‍ രജത് കപൂര്‍ എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയും വനിത പ്രസ് കോര്‍പ്പും കാമ്പയിന്‍ വെളിപ്പെടുത്തലുകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.