റഷ്യയുമായുള്ള മിസൈല്‍ കരാര്‍ സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യയുമായി എസ് 400 കരാറില്‍ ഏര്‍പ്പെട്ടത് രാജ്യതാല്‍പ്പര്യത്തിനാണ്. റാഫേല്‍ വിവാദം ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

Update: 2018-10-18 13:09 GMT
Advertising

റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ച നടത്തിയതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യയെ ബാധിക്കില്ലെന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ച വിഷയത്തില്‍ വക്താവ് പ്രതികരിച്ചില്ല.

എം.ജെ അക്ബര്‍ രാജിവെച്ചതിന് ശേഷം നടന്ന ആദ്യത്തെ വിദേശകാര്യമന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നത്താന്‍ വിദേശകാര്യ വക്താവ് തയ്യാറായില്ല. വിദേശകാര്യ സഹമന്ത്രി സ്ഥാനത്ത് നിന്ന് എം.ജെ അക്ബര്‍ രാജിവെച്ചതായും അതിന് ശേഷം പ്രസ്താവന നടത്തിയതുമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് രവീഷ് കുമാര്‍ പറഞ്ഞു.

റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാറില്‍ അമേരിക്കക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയതാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. റഷ്യയുമായി എസ് 400 കരാറില്‍ ഏര്‍പ്പെട്ടത് രാജ്യതാല്‍പ്പര്യത്തിനാണ്. റാഫേല്‍ വിവാദം ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ദൃഢമാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. നേരത്തെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ വധിക്കാന്‍ ശ്രമിച്ചുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മന്ത്രിസഭായോഗത്തില്‍ പറഞ്ഞാതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് തന്നെ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിച്ചപ്പോള്‍ വ്യക്തമാക്കുകയും ചെയ്‌തെന്ന് രവീഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News