മൂന്ന് സംസ്ഥാനങ്ങളെ 25 വര്‍ഷം മുള്‍മുനയില്‍ നിര്‍ത്തിയ കൊമ്പന്‍ മീശക്കാരന്‍ കൊല്ലപ്പെട്ടിട്ട് 14 വര്‍ഷം 

2004 ഒക്ടോബര്‍ 18ന് പ്രത്യേക ദൌത്യ സേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്.

Update: 2018-10-18 05:14 GMT
Advertising

കാട്ടുകൊള്ളക്കാരെന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന രൂപമാണ് വീരപ്പന്റേത്. മൂന്ന് സംസ്ഥാന സര്‍ക്കാരുകളെ 25 വര്‍ഷത്തോളം മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് ആ കൊമ്പന്‍ മീശക്കാരന്‍. 2004 ഒക്ടോബര്‍ 18ന് പ്രത്യേക ദൌത്യ സേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്.

കാല്‍ നൂറ്റാണ്ട് കാലം കര്‍ണാടക - തമിഴ്നാട് അതിര്‍ത്തി വനങ്ങള്‍ കാല്‍കീഴിലൊതുക്കിയ കാട്ടു കൊള്ളക്കാരനായിരുന്നു വീരപ്പന്‍. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. മേട്ടൂര്‍ വനത്തിലെ മരംവെട്ടുകാരനായാണ് കാടുമായുള്ള വീരപ്പന്റെ ബന്ധത്തിന്റെ തുടക്കം. കാലക്രമേണ ചന്ദനക്കൊള്ളക്കാള്ളയും ആനക്കൊമ്പ് മോഷണവും ആയി തന്റെ സാമ്രാജ്യം വിപുലീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച കൊള്ളസംഘത്തിന്റെ തലവനായി വീരപ്പന്‍ വളര്‍ന്നു.

രണ്ട് സംസ്ഥാനങ്ങളിലെ വനപാലകര്‍ക്ക് വീരപ്പന്‍ സംഘം നിത്യ തലവേദനയായി. ആനവേട്ടയും ചന്ദന വേട്ടയും നിര്‍ബാധം തുടര്‍ന്നു. സര്‍ക്കാരുകള്‍ക്ക് തലവേദനയായതോടെ വീരപ്പനെ കീഴടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ കാട്ടിനകത്തും കാടിനോട് ചേര്‍ന്ന പ്രദേശങ്ങളിലും വീരപ്പനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സേനക്കായില്ല. മാത്രമല്ല നിരവധി വനപാലകരും പൊലീസുകാരും വീരപ്പന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

1990ല്‍ കര്‍ണാടക തമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് രൂപംകൊടുത്തു. 11 കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്ക് വേണ്ടി മാത്രം ഓരോ മാസവും ചെലവഴിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ നരവേട്ടയാണ് വീരപ്പന് വേണ്ടി ഭരണകൂടം നടത്തിയത്.

വീരപ്പനെ പിടികൂടാൻ 10 വർഷത്തെ കാലയളവിൽ സർക്കാർ വർഷം തോറും 200,000,00 ചെലവഴിച്ചു. കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയി 2000 ജൂലൈ 30ന് വീരപ്പന്‍ നാടിളക്കി. 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിക്കുന്ന കഥകള്‍.

2004 ഒക്ടോബര്‍ 18നാണ് വീരപ്പനെ സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്തു തമിഴ്നാട് ദൌത്യസേന വെടിവച്ചു കൊന്നത്. മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പന്‍ യുഗത്തിന്റെ അവസാനമായിരുന്നു അത്. എന്നാല്‍, വീരപ്പന്റെ മരണം പല സംശയങ്ങളും ബാക്കിയാക്കി. ഇപ്പോഴും ഉത്തരം കണ്ടെത്താനാകാത്ത പല ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് വീരപ്പന്‍ അന്ത്യശ്വാസം വലിച്ചത്.

Tags:    

Similar News