ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയ നടപടിയെ വിമര്‍ശിച്ച് കര്‍ണാടക മന്ത്രി ശിവകുമാര്‍
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി ഡി.കെ. ശിവകുമാര്‍. ലിംഗായത്തുകള്‍ക്ക് ന്യുനപക്ഷ പദവി നല്‍കാനുള്ള ശുപാര്‍ശ നല്‍കുകവഴി കോണ്‍ഗ്രസ് പാര്‍ട്ടി വലിയ വിഡ്ഢിത്തമാണ് കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഗഡഗ് ജില്ലയില്‍ നടന്ന ദസറ സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ സര്‍ക്കാരാണ് ഈ വിഡ്ഢിത്തം കാണിച്ചതെന്നത് നിഷേധിക്കുന്നില്ല. രാഷ്ട്രീയക്കാരും ഭരണകൂടവും മതവും ജാതിയുമായി കൈകോര്‍ക്കാന്‍ പാടില്ല, ശിവകുമാര്‍ പറഞ്ഞു.
ഈ തെറ്റായ തീരുമാനത്തിന്റെ ഫലമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവെച്ച മോശം പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ മതവുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ പ്രവൃത്തിയില്‍ കോണ്‍ഗ്രസിന് മാപ്പ് നല്‍കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ശിവകുമാറിന്റെ പ്രസംഗം വിവാദമാവുകയും കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് വിവാദ പ്രസംഗം ശിവകുമാര്‍ നടത്തിയത്. വിഷയം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കുമെന്ന് ചില നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണം ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള നീക്കമായിരുന്നുവെന്ന പരാമര്‍ശമാണ് ചിലരെ പ്രകോപിപ്പിച്ചത്.
കര്‍ണാടകാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്.