തെലങ്കാനയില്‍ ബി.ജെ.പിക്കും ടി.ആര്‍.എസിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

‘അംബേദ്ക്കറുടെ പേരിലുള്ള പദ്ധതിയുടെ പേരുമാറ്റി ദളിത് വിഭാഗത്തെ ചന്ദ്രശേഖരറാവു അപമാനിച്ചു’

Update: 2018-10-21 17:49 GMT
Advertising

തെലങ്കാനയിലെ തെര‍ഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കും ടി.ആര്‍.എസിനുമെതിരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. പൊള്ളയായ വാഗ്ദാനം നൽകി അഴിമതിയെ താലോലിക്കുന്നവരാണ് നരേന്ദ്രമോദിയും കെ. ചന്ദ്രശേഖര്‍ റാവുവുമെന്ന് രഹുല്‍ പറഞ്ഞു. അംബേദ്ക്കറുടെ പേരിലുള്ള പദ്ധതിയുടെ പേരുമാറ്റി ദളിത് വിഭാഗത്തെ ചന്ദ്രശേഖരറാവു അപമാനിച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ റെഡ്ഢി സ്റ്റേഡിയത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ വിമർശം. കഴിഞ്ഞ അഞ്ചുവർഷം അധികാരത്തിൽ ഇരുന്നിട്ടും ചന്ദ്രശേഖരറാവുവും മോദിയും കർഷകർക്കായി ഒന്നും ചെയ്തില്ല. തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരറാവു, മോദി സർക്കാരുകൾ തകർന്നടിയും. ഇരുവരും ബന്ധുക്കൾക്ക് മാത്രമാണ് സഹായം ചെയ്തതെന്നും അഴിമതിയെ താലോലിക്കുന്നവരാണെന്നും രാഹുൽ വിമർശിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും. ആദിവാസി അവകാശ സംരക്ഷണ ബില്ലും വനാവകാശ സംരക്ഷണ ബില്ലും നടപ്പിലാക്കും. തെരഞ്ഞെടുപ്പ് തെലങ്കാനയിൽ മാറ്റങ്ങൾ വരുത്താൻ പോവുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Tags:    

Similar News