പടക്കങ്ങള്‍ വില്‍ക്കുന്നതിനും പൊട്ടിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി സുപ്രീംകോടതി

പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന സുപ്രീംകോടതി നിരോധിച്ചു; ഇ-കൊമേഴ്സ് പോര്‍ട്ടല്‍ വഴിയുള്ള വില്‍പ്പനയും നിരോധിച്ചു

Update: 2018-10-23 06:41 GMT
Advertising

രാജ്യവ്യാപകമായി പടക്കങ്ങള്‍ നിരോധിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പടക്കവില്‍പ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരിക്കുന്നത്. എന്നാല്‍ പടക്കവില്‍പ്പനയ്ക്ക് ചില ഉപാധികളും കോടതി വെച്ചിട്ടുണ്ട്. അതുപ്രകാരം പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന സുപ്രീംകോടതി നിരോധിച്ചു. ഇ-കൊമേഴ്സ് പോര്‍ട്ടല്‍ വഴിയുള്ള വില്‍പ്പനയും നിരോധിച്ചു. വായു മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്

പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ചില നിയന്ത്രണങ്ങളും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസിനും പുതുവത്സരത്തിനും രാത്രി 11.45 മുതല്‍ 12.15 വരെ പടക്കം പൊട്ടിക്കാം. ദീപാവലിക്ക് രാത്രിക്ക് 8 മണിക്കും 10 മണിക്കുമിടയില്‍ പൊട്ടിക്കാം. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം. ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചിട്ടുണ്ട്.

പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും പൂര്‍ണമായി നിരോധിക്കരുതെന്നും പകരം നിയന്ത്രണങ്ങള്‍ ആകാമെന്നും പടക്ക നിര്‍മാതാക്കള്‍ നേരത്തെ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതും കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പടക്ക നിര്‍മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് പരിഗണിക്കേണ്ടതുണ്ടെന്ന് മുമ്പ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Tags:    

Similar News