തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം; ഹരജി സുപ്രിം കോടതി ഭരണഘടന ബെഞ്ചിന് വിട്ടു

അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കോടതി നടപടി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം

Update: 2018-10-24 03:20 GMT
Advertising

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി ഭരണഘടന ബെഞ്ചിന് വിട്ടു. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കോടതി നടപടി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനൂപ് ഭരന്‍വാളാണ് സുപ്രിം കോടതിയില്‍ പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചത്.

Full View

സര്‍ക്കാറിന്റെ അധികാര പരിധിക്ക് പുറത്ത് നിന്നാകണം നിയമനം എന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാറിന്റെ ഭരണനിര്‍വഹണ ചുമതലയില്‍ ഉള്‍പ്പെടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനമെന്ന അറ്റോര്‍ണി ജനറലിന്റെ വാദത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ടിഎന്‍ ശേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലപ്പത്ത് എത്തിയത് സര്‍ക്കാര്‍ നിയമനത്തിലൂടെയാണെന്നും എ.ജി ചൂണ്ടിക്കാട്ടി. എന്നാല്‍ കൊളീജിയം സംവിധാനത്തിന് കീഴിലാകണം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനമെന്ന് ഹരജിക്കാരന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ വാദിച്ചു .

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും അന്തസും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാകരുത് നിയമനമെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സി.എ.ജി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെ നിയമിക്കുന്നത് കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതിയാണെന്നും ഒരു നിയമനം മാറ്റിയാല്‍ മറ്റുള്ളവയും അത്തരത്തില്‍ മാറ്റേണ്ടി വരുമെന്നും അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു .എന്നാല്‍ നിയമനം കൂടുതല്‍ സുതാര്യമാകണമെന്നും വിഷയത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി ഭരണഘടന ബെഞ്ചിന് വിട്ടത്.

Tags:    

Similar News