അഞ്ച് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 140 കോടിയുടെ ആഭരണം മോഷ്ടിച്ചു
സ്വര്‍ണവും വജ്രവും വെള്ളിയും ഉള്‍പ്പെടെ 140 കോടി രൂപ വില വരുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്
അഞ്ച് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. സ്വര്‍ണവും വജ്രവും വെള്ളിയും ഉള്‍പ്പെടെ 140 കോടി രൂപ വില വരുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. കാണ്‍പൂരിലാണ് സംഭവം.
ബിസിനസ് പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2013 മെയ് 30നാണ് ബിര്‍ഹാന റോഡിലെ ജ്വല്ലറി പൂട്ടിയത്. എന്നാല്‍ ആഭരണങ്ങള്‍ ഷോപ്പില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഉടമസ്ഥ തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ ഇരു ഉടമസ്ഥരോടും പൊലീസിന്‍റെ സാന്നിധ്യത്തില്‍ ജ്വല്ലറി തുറക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ജ്വല്ലറി തുറക്കാനിരിക്കെയാണ് വന്‍കവര്‍ച്ച നടന്നത്. 10000 കാരറ്റ് വജ്രവും 100 കിലോ സ്വര്‍ണവും 500 കിലോ വെള്ളിയും ചില ബിസിനസ് രേഖകളും നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കാണ്‍പൂര്‍ എസ്.പി രാജ്കുമാര്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.