മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെ ശിവസേനയുടെ അഴിമതി ആരോപണം

Update: 2018-10-29 05:32 GMT
Advertising

എന്‍.ഡി.എ സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെ അഴിമതി ആരോപണവുമായി ശിവസേന. ശിവസേന എംപി സഞ്ജയ് റൗത്താണ് മെയ്ക് ഇന്‍ പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്‌നയിലെ റോക്തക്ക് എന്ന കോളത്തിലൂടെയാണ് സഞ്ജയ് റൗത്തിന്റെ ആരോപണം.

പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും അടക്കമുള്ളവര്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്ന് ആവര്‍ത്തിക്കുമ്പോഴും കണക്കുകള്‍ മറിച്ചാണ് പറയുന്നതെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കുന്നു. അത് ശരിയാണെങ്കില്‍ യുവജനങ്ങളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി ഇന്ത്യ മാറുമായിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് വരി നില്‍ക്കുമായിരുന്നു. എന്നാല്‍ ഇതൊന്നും തൊഴിലില്ലായ്മ പരിഹരിച്ചു കാണുന്നില്ല. അതിനര്‍ഥം തൊഴില്‍ദായക മേഖലയില്‍ അഴിമതി നടക്കുന്നുവെന്നാണെന്നും റൗത്ത് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് രാജ്യത്ത് ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്നാണ്. എന്നാല്‍ നോട്ടുനിരോധനം മാത്രം കാരണം 40 ലക്ഷം തൊഴിലവസരങ്ങളാണ് ഇല്ലാതായത്. ഏറ്റവും വലിയ തൊഴില്‍ ദാതാവായ കാര്‍ഷികമേഖല അപ്പാടെ തകര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായി തൊഴിലില്ലായ്മ മാറി. ഇങ്ങനെ പോയാല്‍ തൊഴിലില്ലായ്മ അരാജകത്വത്തിന് കാരണമാകുമെന്നും റൗത്ത് കുറിച്ചു.

തൊഴില്‍ നഷ്ടത്തെക്കുറിച്ച് പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗോ വധത്തിന്റെ പേരില്‍ കര്‍ഷകരില്‍ പലരുടേയും സാമ്പത്തിക നില തന്നെ താളം തെറ്റി. ഇതെല്ലാം ഭക്ഷണമോ ജോലിയോ നല്‍കാത്ത മതത്തിന്റെ പേരിലാണ് നടക്കുന്നതെന്നും സഞ്ജയ് റൗത്ത് ആരോപിക്കുന്നു.

Tags:    

Similar News