മൂന്നുവയസ്സുള്ളപ്പോള്‍ ഉറപ്പിച്ച വിവാഹം; പിന്മാറിയ യുവതി 20 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത്
ചാര്‍ട്ടേഡ് അക്കൌണ്ടന്റായ യുവതി പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തനിക്ക് താത്പര്യമില്ലെന്ന് പലതവണ പറഞ്ഞിട്ടും, മൂന്നുവയസ്സുള്ളപ്പോള്‍ ഉറപ്പിച്ചുവെച്ച വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് യുവതിയുടെ പരാതി. പരാതിയില്‍ പരിഹാരമാകാത്തതിനാല്‍ പൊലീസ് സ്റ്റേഷനില്‍ യുവതി ആത്മഹത്യാശ്രമം നടത്തി. ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ആയ 22കാരിയാണ് പൊലീസ് സ്റ്റേഷനില്‍വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.
ജീവ്‍രാജ് എന്ന യുവാവുമായി ദിവ്യ ചൌധരിയെന്ന പെണ്‍കുട്ടിയുടെ വിവാഹം, ദിവ്യയ്ക്ക് മൂന്നുവയസ്സുള്ളപ്പോള്‍ തന്നെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവാഹം നടത്തണമെന്ന നിര്‍ബന്ധത്തിലായിരുന്നു ജീവ്‍രാജും വീട്ടുകാരും. പക്ഷേ ജീവ്‍രാജിനെ വിവാഹം കഴിക്കാന്‍ ദിവ്യക്ക് താത്പര്യമുണ്ടായിരുന്നില്ല. അവള്‍ അക്കാര്യം തന്റെ വീട്ടുകാരെയും ജീവ്‍രാജിനെയും അറിയിച്ചു. വിഷയം പഞ്ചായത്തിന്റെ മുന്നിലെത്തി. വിവാഹത്തില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ദിവ്യയും വീട്ടുകാരും ജീവ്‍രാജിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പഞ്ചായത്തിന്റെ വിധി.
തുടര്‍ന്നാണ് ദിവ്യ നീതിതേടി പൊലീസിനെ സമീപിച്ചത്. പഞ്ചായത്തിനെതിരെയും ജീവ്‍രാജിനും കുടുംബത്തിനും എതിരെയും ദിവ്യ പരാതി നല്‍കി. പരാതി നല്‍കിയ വിവരം അറിഞ്ഞ പഞ്ചായത്ത് അധികൃതരാകട്ടെ, എങ്കില്‍ നഷ്ടപരിഹാരം 20 ലക്ഷം നല്‍കണമെന്നായി. കൂടാതെ ദിവ്യ ജനമധ്യത്തില്‍വെച്ച് മാപ്പ് പറയണമെന്നും സാമൂഹികമായ ഭ്രഷ്ട് ഒഴിവാകണമെങ്കില്‍ പരാതി പിന്‍വലിക്കണമെന്നും വിധിച്ചു.
തുടര്‍ന്ന് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയ ദിവ്യ, സ്റ്റേഷനില്‍ വെച്ച് വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ''വീടിന് പുറത്തിറങ്ങിയ എനിക്ക് മറ്റുവഴികളില്ലായിരുന്നു. എന്‍റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അസ്തമിച്ചതായി എനിക്ക് തോന്നി. അതുകൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്''- ദിവ്യ പറയുന്നു.
ഗ്രാമത്തിലെ സര്‍പഞ്ച് അടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.