ദൂരദര്‍ശന്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം; കാമറാമാന്‍ കൊല്ലപ്പെട്ടു
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താശേഖരണത്തിനായി പോയതായിരുന്നു ദൂരദര്‍ശന്‍ സംഘം.
ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ദൂരദര്‍ശന്‍ കാമറമാനുമാണ് കൊല്ലപ്പെട്ടത്. അടുത്തമാസം ഇവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താശേഖരണത്തിനായി പോയതായിരുന്നു ദൂരദര്‍ശന്‍ സംഘം. ദന്തേവാഡയിലെ അരന്‍പൂരിലാണ് ആക്രമണം നടന്നത്. മൂന്നു ദിവസം മുമ്പ് ഛത്തീസ്ഗഡിലെ ബജിപൂര്‍ ജില്ലയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 90 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.
നവംബര്‍ 12നും 20നുമാണ് വോട്ടെടുപ്പ്. ദക്ഷിണ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ ഒന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിയിരുന്നു.